‘രണ്ടാമൂഴ’ത്തിന്‌ എം ടി വാസുദേവന്‍നായരുടെ തിരക്കഥ ഉപയോഗിക്കരുത്: കോടതി

കോഴിക്കോട്: എം ടി വാസുദേവന്‍നായരുടെ തിരക്കഥ ‘രണ്ടാമൂഴം’ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോഴിക്കോട് മുന്‍സിഫ് കോടതി വിലക്ക് ഏര്‍പ്പെടുത്തി. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയുടെ സ്‌ക്രിപ്റ്റ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിരികെ ചോദിച്ച് എം.ടി കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കാന്‍ തയ്യാറാണെന്നും എംടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി.

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്.
വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നാണ് സംവിധായകന്‍ അടുത്ത ദിനം വരെ പറഞ്ഞത്. അതിനിടയിലാണ് അപ്രതീക്ഷിതമായി എംടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *