എല്‍ദോ എബ്രഹാം അടിമേടിച്ചത് അങ്ങോട്ടു പോയി പ്രതിഷേധിച്ചിട്ട്: കാനം

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എംഎല്‍എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാൻ കഴിയൂ. അനീതിക്കെതിരെ സമരം ചെയ്യുമ്പോൾ ചിലപ്പോൾ പൊലീസിനെതിരെയാകും. സംഭവത്തിൽ കലക്ടറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാൻ സാധിച്ചില്ലേയെന്നു പൊലീസുകാരോടു ചോദിക്കണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.

എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കൂടികാഴ്ച. ചര്‍ച്ച 20 മിനിട്ടോളം നീണ്ടു. കൊച്ചിയില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടികാഴ്ച. ഡിജിപിയുമായും മുഖ്യമന്ത്രി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. കൊച്ചിയിൽ എൽദോ ഏബ്രഹാം എംഎൽഎ അടക്കമുള്ളവരെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ നടപടി എടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും സംഭവം നടന്നപ്പോൾ തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നതായും കാനം നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *