വിവരാവകാശ നിയമ ദേഭഗതി: പ്രതിപക്ഷം ആര്‍ടിഐ ബില്‍ കീറിയെറിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു രാജ്യസഭയിലും പാസാകുമെന്നു സൂചന. ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു.രാജ്യസഭയിലും ബില്‍ പാസാക്കിയെടുക്കാനുള്ള പിന്തുണ എന്‍ഡിഎ സര്‍ക്കാര്‍ നേടിക്കഴിഞ്ഞെന്നാണു റിപ്പോര്‍ട്ട്. ബിജു ജനതാദള്‍ (ബിജെഡി), ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ സമ്മതിച്ചു. അതേസമയം ചര്‍ച്ചയ്ക്കിടെ ബില്‍ കീറിയെറിഞ്ഞാണു പ്രതിപക്ഷം പ്രതിഷേധിച്ചത്.രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള 16 ബില്ലുകളില്‍ ആര്‍ടിഐ ബില്‍ ഉള്‍പ്പെടെ ഏഴെണ്ണം ജോയിന്റ് സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നത്.

ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്. ചരിത്രപരമായ വിവരാവകാശ നിയമത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന ഭേദഗതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു

ആശങ്കകള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കുമെന്നും കൃത്യമായ മറുപടി ലഭിച്ചാല്‍ ബില്ലിനെ പിന്തുണയ്ക്കുമെന്നും ബിജെഡി അറിയിച്ചു. ബില്ലിനെ ആദ്യം എതിര്‍ത്തിരുന്ന ടിആര്‍എസും നിലപാടു മാറ്റി. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി ഫോണില്‍ ചര്‍ച്ച നടത്തിയതോടെയാണ് ടിആര്‍എസ് നിലപാട് മയപ്പെടുത്തിയത്. കശ്മീരിലെ പ്രശ്‌നങ്ങളുടെ പേരില്‍ മെഹബൂബ മുഫ്തി ബിജെപിയുമായി കടുത്ത അകല്‍ച്ചയിലാണെങ്കിലും പിഡിപിയുടെ രണ്ട് എംപിമാരും സര്‍ക്കാരിനെ പിന്തുണയ്ക്കും.

അഞ്ച് എംപിമാരുടെ കാലാവധി കഴിഞ്ഞതോടെ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് ആറ് പേരുടെ കുറവു മാത്രമാണുള്ളത്. ബിജെഡി, പിഡിപി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ പിന്തുണയ്ക്കുന്നതോടെ ബില്ലിന് അനുകൂലമായി 129 വോട്ട് ലഭിക്കും. 118 വോട്ടാണു ഭൂരിപക്ഷത്തിനു വേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *