ടീം ഇന്ത്യയെ കോലി നയിക്കും; പന്ത് വിക്കറ്റ് കീപ്പർ

മുംബൈ : ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ 3 ഫോർമാറ്റുകളിലും വിരാട് കോലിയെത്തന്നെ ക്യാപ്റ്റനായി നിലനിർത്തി വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന വിജയ് ശങ്കർ, ദിനേശ് കാർത്തിക് എന്നിവർ ടീമിനു പുറത്തായി. ലോകകപ്പ് ടീമിലേക്ക് ഇടയ്ക്കു വിളിപ്പിച്ച മായങ്ക് അഗർവാളിനെ ടെസ്റ്റ് ടീമിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ലോകകപ്പിനിടെ പരുക്കേറ്റ ശിഖർ ധവാൻ വീണ്ടും ടീമിലെത്തി.

ലോകകപ്പിൽ നിറംമങ്ങിയെങ്കിലും കേദാർ ജാദവ് ഏകദിന ടീമിൽ സ്ഥാനം നിലനിർത്തി. 2 മാസത്തെ സൈനിക സേവനത്തിനായി മാറിനിൽക്കുന്ന എം.എസ്.ധോണിക്കു പകരമായി ഋഷഭ് പന്ത് 3 ഫോർമാറ്റിലും വിക്കറ്റ് കീപ്പറാകും. ടെസ്റ്റ് ടീമിൽ വൃദ്ധിമാൻ സാഹയെയും കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ സാധ്യത പന്തിനുതന്നെ. ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിനത്തിലും ട്വന്റി20യിലും വിശ്രമം അനുവദിച്ചു. പരുക്കേറ്റ ഹാർദിക് പാണ്ഡ്യയെ ഒരു ടീമിലേക്കും എടുത്തിട്ടില്ല. ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന പൃഥ്വി ഷായെ പരുക്കുമൂലം പരിഗണിച്ചില്ല.

ഏകദിനത്തിലും ട്വന്റി20യിലും രോഹിത് ശർമ തന്നെയാണ് ഉപനായകൻ. ടെസ്റ്റിൽ അജിൻക്യ രഹാനെയാണ് വൈസ് ക്യാപ്റ്റൻ. ശങ്കറും കാർത്തിക്കും ഏകദിന ടീമിൽനിന്നു പുറത്തായപ്പോൾ ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരെ തിരിച്ചുവിളിച്ചു. ഏറെ സാധ്യത കൽപിക്കപ്പെട്ടിട്ടും ഒഴിവാക്കപ്പെട്ട ഒരേയൊരാൾ യുവ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ ആണ്. എം.എസ്.കെ.പ്രസാദ് ചെയർമാനായ കമ്മിറ്റിയാണു ടീം തിരഞ്ഞെടുപ്പു നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *