കർണാടക നിയമസഭ തിങ്കളാഴ്ച രാവിലെ 11 മണി വരെ പിരിഞ്ഞു

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് നടത്താതെ കർണാടക നിയമസഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണി വരെയാണ് സഭ പിരിഞ്ഞത്. വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സർക്കാരിന് അനുവദിച്ച രണ്ടാമത്തെ സമയപരിധിയും നേരത്തെ അവസാനിച്ചിരുന്നു. വൈകിട്ട് ആറിനു മുൻപു വിശ്വാസവോട്ട് തേടണമെന്നായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കു ഗവർണർ വാജുഭായ് വാല നൽകിയ നിർദേശം. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ വാദപ്രതിവാദങ്ങൾക്കിടെ നിയമസഭയിൽ വിശ്വാസപ്രമേയത്തിൽ ചർച്ച തുടർന്നത്. ചര്‍ച്ച തിങ്കളാഴ്ചയും തുടര്‍ന്നേക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്നു സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, പാർട്ടി വിപ്പ് ലംഘിച്ചെന്ന് ആരോപിച്ചു വിമത എംഎൽഎമാർക്കെതിരെ പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു സുപ്രീം കോടതിയെ സമീപിച്ചു.

വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറൽ കൃത്യമായ നിയമോപദേശം നൽകിയിട്ടുണ്ടെന്നാണ് സഭാ നടപടികളുടെ തുടക്കത്തിൽ തന്നെ സ്പീക്കർ വ്യക്തമാക്കിയത്. പക്ഷപാതിത്വം കാണിക്കില്ലെന്നും സ്പീക്കർ സഭയെ അറിയിച്ചു. ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി കുറ്റപ്പെടുത്തി. അധികാരത്തിൽ കടിച്ചു തൂങ്ങില്ല. പക്ഷെ പ്രതിപക്ഷം എന്തിനാണ് തിടുക്കം കാണിക്കുന്നത്. ലോകസഭയിൽ വാജ്പേയ് സർക്കാരിന്റെ 10 ദിവസം നീണ്ട വിശ്വാസപ്രമേയ ചർച്ചയുടെ ചരിത്രവും മുഖ്യമന്ത്രി സഭയെ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *