ലക്ഷങ്ങള്‍ വിലയുള്ള മണല്‍ പമ്പാനദിയിൽ ഒലിച്ചുപോയി

ശബരിമല: കനത്ത മഴയെത്തുടര്‍ന്ന് നദിതീരത്ത് ശേഖരിച്ചിട്ടിരുന്ന ലക്ഷങ്ങള്‍ വിലയുള്ള മണല്‍ പമ്പാനദിയിൽ ഒലിച്ചുപോയി.
മണൽ എടുക്കുന്നതിനെ ചൊല്ലി വനം വകുപ്പും ദേവസ്വം ബോർഡും തര്‍ക്കത്തിലായിരുന്നു.
മന്ത്രിമാർ ഇടപെട്ടിട്ടും തീരാത്ത മണൽ തർക്കത്തിനു വിരാമമിട്ടാണ്‌  ലക്ഷക്കണക്കിനു രൂപയുടെ മണൽ  ഒലിച്ചു പോയത്‌.

കഴിഞ്ഞ പ്രളയത്തിലാണ് പമ്പാ ത്രിവേണിയിൽ മണൽ ഒഴുകി എത്തിയത്. തീർഥാടനത്തിനായി ഇവ നീക്കം ചെയ്ത് ത്രിവേണിക്കും ചെറിയാനവട്ടത്തിനും മധ്യേ നദിയുടെ പലഭാഗത്തായി കൂട്ടിയിട്ടു. കുറച്ചു മണൽ ചക്കുപാലം പാർക്കിങ് ഗ്രൗണ്ടിലും നിക്ഷേപിച്ചു. ശബരിമല വികസന പ്രവർത്തനങ്ങൾക്കായി ഇതിൽ 20,000 ഘനഅടി മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവ് ഇറക്കി. പമ്പാനദിയിൽ നിന്നു ദേവസ്വം ബോർഡ് മണൽ ശേഖരിച്ചു തുടങ്ങിയപ്പോൾ വനംവകുപ്പ് തടസവുമായി എത്തി. ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ എടുത്താൽ മതിയെന്ന് വനം വകുപ്പും ചെളി നിറഞ്ഞത് ആയതിനാൽ അതുവേണ്ടന്ന് ദേവസ്വം ബോർഡും നിലപാട് സ്വീകരിച്ചു. ഇതേ തുടർന്നു വനം, ദേവസ്വം മന്ത്രിമാർ ഇടപെട്ട് യോഗം വിളിച്ചു. പമ്പാനദിയിൽ എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോർഡിന് മണൽ സംഭരിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. പക്ഷേ വനം വകുപ്പ് പാസ് നൽകാഞ്ഞതിനാൽ സംഭരണം നടന്നില്ല. മഴയും വെള്ളപ്പൊക്കവും ഉണ്ടായാൽ മണൽ ഒലിച്ചുപോകുമെന്ന മുന്നറിയിപ്പും അവഗണിച്ചു.

ശക്തമായ മഴയിൽ പമ്പ, കക്കി, ഞുണങ്ങാർ എന്നീ നദികളിലെ ജലനിരപ്പ് ഉയരുകയും മണൽ ഒലിച്ചുപോകുകയും ചെയ്തു. ഇനിയും വളരെ കുറച്ച് മണൽ മാത്രമേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *