പ്രിയങ്ക ഗാന്ധിയെ യു.പി.പോലീസ് തടഞ്ഞു;

ലക്നൗ : കോ‍ണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ്  തടഞ്ഞു. ഉത്തർപ്രദേശിലെ സോന്‍ഭദ്രയിൽ കഴിഞ്ഞ ദിവസം വെടിവയ്പ്പിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ പോവുകയായിരുന്നു പ്രിയങ്ക. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി.

ബുധനാഴ്ചയാണ് സോന്‍ഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടത്. 24 പേർ‌ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വാരണസിയിലെ ആശുപത്രിയിലെത്തി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക സന്ദർശിച്ചിരുന്നു. ഇവിടെനിന്നു സോന്‍ഭദ്രയിലേക്കുള്ള യാത്രമധ്യേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

‘‘മരിച്ചവരുടെ ബന്ധുക്കളെ കാണാൻ മാത്രമാണ് വന്നത്. തന്റെ മകന്റെ പ്രായത്തിലുള്ള ഒരു ആൺകുട്ടിയും പരുക്കേറ്റ് ആശുപത്രിയിൽ ഉണ്ട്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തട‍ഞ്ഞതെന്നു വ്യക്തമാക്കണം’’ – പ്രിയങ്ക പറ‍ഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതിൽ ബിജെപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരാജയപ്പെട്ടായി പരുക്കേറ്റവരെ സന്ദർശിച്ച ശേഷം പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *