വെള്ളിയാഴ്ച ഉച്ചയ്ക്ക് വിശ്വാസവോട്ട് തേടണം: കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്

ബെംഗളൂരു : കർണാടക നിയമസഭയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30നു വിശ്വാസവോട്ടു നടത്തണമെന്നു ഗവർണർ. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കു ഗവർണർ വാജുഭയ് വാല കത്തുനൽകി. വ്യാഴാഴ്ച വിശ്വാസവോട്ടു തേടണമെന്ന ഗവർണറുടെ ശുപാർശ സ്പീക്കർ അംഗീകരിച്ചിരുന്നില്ല. നിയമസഭ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചേരുമെന്നും സ്പീക്കർ കെ.ആർ.രമേശ് കുമാർ അറിയിച്ചു.

സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു നിയമസഭയ്ക്കുള്ളിൽ ബിജെപി അംഗങ്ങളുടെ ധർണ തുടരുകയാണ്. അതേസമയം എംഎൽഎമാർക്ക് വിപ്പ് നൽകുന്ന സംബന്ധിച്ച കോടതി ഉത്തരവിൽ വ്യക്തത തേടി കോൺഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.

വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സർക്കാരിനെ താഴേയിറക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു. അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു. പ്രസംഗം നീട്ടി സഭയുടെ പ്രവർത്തനസമയം വർധിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *