പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്കു മാറ്റി

ഇസ്‌ലാമാബാദ്: ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിനു പിന്നാലെ അടച്ച വ്യോമപാത പാക്കിസ്ഥാൻ തുറന്നു. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്കു മാറ്റിയാണ് പാക്കിസ്ഥാന്റെ നടപടി. ഇന്നലെ അർധരാത്രി 12.41 ഓടെയാണ് ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. എല്ലാ സൈനികേതര വിമാനങ്ങൾക്കും യാത്ര അനുമതി നൽകിക്കൊണ്ട് വ്യോമപാത തുറക്കുന്നതായിട്ടാണ് പാക്കിസ്ഥാന്റെ അറിയിപ്പ്. പാക്ക് സിവിൽ വ്യോമയാന വകുപ്പ് ഇതു സംബന്ധിച്ച നോട്ടിസ് പൈലറ്റുകൾക്കായി പുറത്തിറക്കിയെന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു.

ഫെബ്രുവരി 14ന് പുൽവാമയിൽ ഇന്ത്യൻ സൈനികർക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇതിനു പിന്നാലെ ഫെബ്രുവരി 26ന് പാക്കിസ്ഥാൻ അവരുടെ വ്യോമപാതയും അടച്ചു. അതിനുശേഷം ആകെയുള്ള 11 വ്യോമപാതകളിൽ ദക്ഷിണ പാക്കിസ്ഥാനിലൂടെയുള്ള രണ്ടെണ്ണം മാത്രമാണ് ഇന്ത്യൻ വിമാനങ്ങൾക്കായി തുറന്നു നൽകിയത്. ഇതോടെ ഒട്ടേറെ രാജ്യാന്തര സർവീസുകൾ വഴിതിരിച്ചു വിടേണ്ടതായും വന്നു.

വ്യോമപാത തുറക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾക്ക് ആശ്വാസകരമാണ്. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയർ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *