കർണാടക വിമത എംഎൽഎമാരുടെ ഹർജി: സുപ്രീം കോടതി വിധി ബുധനാഴ്ച

ന്യൂഡൽഹി: കർണാടക സ്പീക്കർ കെ.ആർ.രമേശ് കുമാർ രാജി സ്വീകരിക്കാത്തത് സംബന്ധിച്ചു വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ബുധനാഴ്ച രാവിലെ പത്തരയ്ക്കു വിധി പറയും. നാലു മണിക്കൂറോളം നീണ്ട വാദം കേൾക്കിന് ഒടുവിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയാൻ ബുധനാഴ്ചത്തേക്ക് മാറ്റിയത്.

രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നു വിമതർ ആവശ്യപ്പെട്ടു. എന്നാൽ വിമതരുടെ ആവശ്യത്തിനു കോടതി കൂട്ടുനിൽക്കരുതെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പറഞ്ഞു. സ്പീക്കർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദേശിക്കാനാവില്ലെന്ന് വാദത്തിനിടെ സുപ്രീംകോടതി പരാമർശിച്ചു. വിമത എംഎൽഎമാരുടെ അയോഗ്യതയുടെ കാര്യത്തിലും ഇടപെടാനാകില്ല. അയോഗ്യതയ്ക്കു മുൻപ് രാജിയിൽ തീരുമാനമെടുക്കാൻ ഭരണഘടനാപരമായി എന്തെങ്കിലും തടസ്സമുണ്ടോയെന്നു മാത്രമേ അന്വേഷിക്കാൻ സാധിക്കൂവെന്നും സുപ്രീകോടതി നിലപാടെടുത്തു.

എംഎല്‍എ ആയിട്ടിരിക്കാൻ താൽപര്യമില്ലാത്ത ഒരാളെ എങ്ങനെ നിയമസഭയിലെത്താൻ നിർബന്ധിക്കുമെന്ന് വിമത എംഎൽഎമാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ രോഹ്തഗി ചോദിച്ചു. വ്യാഴാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. അയോഗ്യത കൊണ്ടുവരാൻ കോൺഗ്രസ് വിമതർക്ക് അന്ന് വീണ്ടും വിപ്പ് നൽകും. എംഎൽഎമാരുടെ രാജി എത്രയും വേഗം അംഗീകരിക്കണം. രാജിയും അയോഗ്യതയും ഒന്നിച്ചു പരിഗണിക്കാമെന്നാണു സ്പീക്കർ പറയുന്നത്. ആദ്യം രാജിയും പിന്നീട് അയോഗ്യതയും പരിഗണിക്കണം. അയോഗ്യത വേണമെന്ന് ആവശ്യപ്പെടാൻ അനുയോജ്യമായ യാതൊരു കാരണങ്ങളും നിലവിലില്ല. ആദ്യത്തെ നോട്ടിസ് ഫെബ്രുവരി രണ്ടിനും അതുനിലനിൽക്കെ ഈമാസം 10നുമാണ് അയോഗ്യത തേടിയതെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ രാജിവച്ചാൽ മറ്റൊരു പാർട്ടിയിൽ‌ ചേർന്ന് വീണ്ടും മന്ത്രിയാകാനുള്ള സാഹചര്യമുണ്ട്. എന്നാൽ അയോഗ്യത വന്നാൽ അവർക്ക് ഉപതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതായി വരും. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും റോഹ്തഗി ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളുടെ ആവശ്യം അംഗീകരിച്ചാൽ ഏതുതരത്തിലുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

2018 മേയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതിയാണ് നിർദേശം നൽകിയത്. അന്ന് അത് നടക്കുമായിരുന്നെങ്കിൽ പിന്നെ എന്താണ് ഇന്ന് സ്പീക്കർ തീരുമാനമെടുക്കാൻ പറയുന്നത്. കൃത്യസമയത്ത് തീരുമാനമെടുക്കാൻ ആവശ്യപ്പെടുന്നതിന് സ്പീക്കർക്ക് ഭരണഘടനാപരമായുള്ള അവകാശങ്ങൾ തടസ്സമല്ലെന്നും റോഹ്തഗി വ്യക്തമാക്കി. അയോഗ്യതാ വാദം നിലനിൽക്കുമ്പോഴും പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനെ രാജിവയ്ക്കാൻ അനുവദിച്ച കേരള ഹൈക്കോടതിയുടെ വിധിയും റോഹ്ത്തഗി കോടതിയിൽ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *