കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

ബാംഗ്ലൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് അറിയിച്ചു.

സ്പീക്കറുടെ തീരുമാനത്തില്‍ ബിജെപി എതിര്‍പ്പ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. മന്ത്രിമാർ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി നിയമസഭ കൗണ്‍സിലില്‍ ബഹളമുണ്ടാക്കി. മന്ത്രിമാർ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ സഭ ചേരുമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ചോദ്യം.  ടാക്സി വിളിക്കുന്നത് പോലെ വിമാനങ്ങൾ വാടകക്ക് എടുക്കുന്നവരുടെ പദ്ധതികൾ വിജയിക്കില്ലെന്നും വിശ്വാസവോട്ടെടുപ്പില്‍ ജയിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു.

വിമതരെക്കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടാല്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 അംഗങ്ങള്‍ മാത്രമാണ് ഭരണപക്ഷത്തുള്ളത്(കോണ്‍. 66, ജെഡിഎസ് 34). സഭയിലെ ആകെ അംഗങ്ങള്‍ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *