കര്‍ണാടകയില്‍ കോൺഗ്രസ്– ദൾ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി

ബെംഗളൂരു:  കര്‍ണാടകയില്‍ കോൺഗ്രസ്– ദൾ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പാളി. കോണ്‍ഗ്രസില്‍ തുടരുമെന്ന് സൂചന നല്‍കിയ മൂന്ന് എംഎല്‍എമാർ മുംബൈയിലെത്തി. എം.ടി.ബി.നാഗരാജ്, കെ.സുധാകര്‍, മുനിരത്ന നായിഡു എന്നിവരാണ് ബെംഗളൂരു വിട്ടത്. മുബൈയിലെ ഹോട്ടലില്‍ തങ്ങുന്ന വിമത എംഎല്‍എമാരുടെ എണ്ണം 15 ആയി. ഞായറാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയ്ക്കും അദ്ദേഹത്തിന്റെ സഹായിക്കുമൊപ്പം എംഎൽഎമാർ ബെംഗളൂരു വിമാനത്താവളത്തിൽനിന്നു ജെറ്റ് വിമാനത്തിൽ മുംബൈയിലെത്തിയത്.

ശനിയാഴ്ച രാത്രി വളരെ വൈകി നേതാക്കളുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസിൽ തുടരുമെന്നും രാജി പിൻവലിക്കുമെന്നുമുള്ള തീരുമാനം എം.ടി.ബി.നാഗരാജ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, കോൺഗ്രസ് നിയമസഭാക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, തനിക്കൊപ്പം രാജിവച്ച കെ.സുധാകർ എംഎൽഎയും തിരിച്ചെത്തിയേക്കുമെന്നു നാഗരാജ് പറഞ്ഞിരുന്നു. എന്നാൽ ആരെയും അറിയിക്കാതെ ഇവർ മുംബൈയിലേക്ക് പുറപ്പെട്ടത് കോൺഗ്രസിന് തിരിച്ചടിയായി. വിശ്വാസ വോട്ടെടുപ്പിന് സ്പീക്കർ അനുമതി നൽകിയാൽ കർണാടകയിൽ സഖ്യസർക്കാർ പരാജയപ്പെടുമെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *