ശബരിമല വനഭൂമിയുടെ ദുരുപയോഗം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

ദില്ലി: ശബരിമലയിൽ വനഭൂമി ദുരുപയോഗം പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തീരുമാനം.  സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ദില്ലിയിൽ നടന്ന സിറ്റിംഗിലാണ് തീരുമാനം.  ശബരിമല മാസ്റ്റര്‍പ്ളാൻ നിര്‍ദ്ദേശങ്ങൾ മറികടന്നുള്ള നിര്‍മ്മാണങ്ങൾ സന്നിധാനത്തും പമ്പയിലും നടത്തിയിട്ടുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ ഉന്നതാധികാര സമിതിയെ അറിയിച്ചു.

ഈമാസം 25ന് ശേഷം ഉന്നതാധികാര സമിതി അംഗങ്ങൾ ശബരിമല സന്ദര്‍ശിച്ച് എന്തൊക്കെ അനധികൃത നിര്‍മ്മാണം വനംപരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നടന്നിട്ടുണ്ടെന്ന് നേരിട്ട് വിലയിരുത്തും. സന്നിധാനത്ത് മൂന്ന് വലിയ കെട്ടിടങ്ങൾ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ.കേശവൻ അറിയിച്ചു. പമ്പയിലും വ്യാപകമായ അനധികൃത നിര്‍മ്മാണങ്ങൾ നടന്നു. അത് യോഗത്തിൽ സമ്മതിച്ച ദേവസ്വം കമ്മീഷണര്‍ എൻ. വാസു പ്രളയത്തിൽ പമ്പയിലെ അനധികൃത നിര്‍മ്മാണങ്ങൾ ഒലിച്ചുപോയെന്നും മറുപടി നൽകി. മാസ്റ്റര്‍ പ്ളാൻ നടപ്പാക്കുമ്പോൾ കടുത്ത നിയന്ത്രണങ്ങൾ ശബരിമലയിൽ വേണ്ടിവരുമെന്ന് ഉന്നതാധികാര സമിതി അംഗങ്ങൾ വ്യക്തമാക്കി. ഇക്കാര്യങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാകും സമിതി തയ്യാറാക്കുക. ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. ടി. ശോഭീന്ദൻ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉന്നതാധികാര സമിതിക്ക് രൂപം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *