കർണാടകയിൽ കൂട്ടരാജി; ആടിയുലഞ്ഞ് കോൺഗ്രസ്– ദൾ സർക്കാർ

ബെംഗളൂരു : ഒരു വർഷത്തിനുശേഷം കർണാടകയിൽ വീണ്ടുമൊരു രാഷ്ട്രീയ നാടകത്തിനുകൂടി തിരശീല ഉയരുന്നു. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി മുംബൈയിലേക്ക് മാറ്റുകയാണ്. രണ്ട് ചാർട്ടേഡ് ഫ്ലൈറ്റുകളിലായാണ് എംഎൽഎമാരെ മാറ്റുന്നത്. അൽപസമയത്തിനകം ചാർട്ടേഡ് ഫ്ലൈറ്റിൽ 10 എംഎൽഎമാരെ മുംബൈയിലെത്തിക്കും. ഹൈക്കമാന്‍റിന്‍റെ പ്രത്യേക നിർദേശപ്രകാരം ബെംഗളുരുവിലേക്ക് എത്തിയ കെ സി വേണുഗോപാൽ എച്ച്എഎൽ വിമാനത്താവളത്തിൽ വച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ രണ്ട് എംഎൽഎമാർ കൂടി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ബി നാഗേന്ദ്ര, ജെ എൻ ഗണേഷ് എന്നിവർ ചൊവ്വാഴ്ച രാജിക്കത്തുമായി സ്പീക്കറെ കാണുമെന്നാണ് സൂചന. ഇതോടെ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 16 ആയി. 10 കോൺഗ്രസ് എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിയ്ക്ക് ഒരുങ്ങുന്നു. മൂന്ന് ജെഡിഎസ്സ് എംഎൽഎമാരും രാജി സമർപ്പിച്ചിട്ടുണ്ട്.

രാജിവയ്ക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് എംഎൽഎമാരെക്കൂടാതെ മൂന്ന് ജെഡിഎസ് എംഎൽഎമാരെയും മുംബൈയിലേക്കോ മറ്റൊരിടത്തേക്കോ മാറ്റുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രാജി വച്ച എംഎൽഎമാരെ കാണാൻ സ്പീക്കർ കെ ആർ രമേഷ് കുമാർ വിസമ്മതിച്ചിരുന്നു. കൂട്ടത്തോടെ എംഎൽഎമാർ രാജി സമർപ്പിക്കാനെത്തിയതോടെ സ്പീക്കർ വിധാൻ സൗധയിൽ നിന്ന് സ്ഥലം വിട്ടു. ഹൈക്കമാന്‍റ് ഉടൻ ഇടപെടണമെന്ന് കർശനനിർദേശം നൽകിയതോടെ കോൺഗ്രസ് നേതാവായ ഡി കെ ശിവകുമാർ വിധാൻ സൗധയിലേക്ക് ഓടിയെത്തി. കടുത്ത പ്രതിഷേധവുമായി നിൽക്കുകയായിരുന്ന എംഎൽഎമാരെ ശിവകുമാർ സമാധാനിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരെയെങ്കിലും സമാധാനിപ്പിച്ച് സ്വന്തം കാറിൽ കയറ്റി കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *