ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ലീഡ്സ്: ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴു വിക്കറ്റിനാമ് ഇന്ത്യ ശ്രീലങ്കയെ തകർത്തുവിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശർമ – ലോകേഷ് രാഹുൽ രാഹുൽ സഖ്യം മുന്നിൽനിന്നു നയിച്ചതോടെ ഇന്ത്യ 39 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലെത്തി. ഏകദിനത്തിലെ 27–ാം സെഞ്ചുറി കുറിച്ച രോഹിത് ശർമ 94 പന്തിൽ 103 റൺസെടുത്തും രണ്ടാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ലോകേഷ് രാഹുൽ 118 പന്തിൽ 111 റൺസെടുത്തും പുറത്തായി.

ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് ‘പരിഷ്കരിച്ച’ രോഹിത് – രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആവേശത്തള്ളിച്ചയിൽ ഋഷഭ് പന്ത് (നാലു പന്തിൽ നാല്) വന്നപോലെ പോയെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയും (41 പന്തിൽ 34), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ ഏഴ്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി. 14 പോയിന്റുള്ള ഓസ്ട്രേലിയ ഇതേ സമയത്ത് മാഞ്ചസ്റ്ററിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നുണ്ട്. ജയിച്ചാൽ മാത്രം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഓസീസിനു തിരികെ ലഭിക്കും. ഓസ്ട്രേലിയ തോറ്റാൽ സെമിയിൽ ഇന്ത്യയുടെ എതിരാളി ന്യൂസീലൻഡ് ആയിരിക്കും. ഓസട്രേലിയയ്ക്ക് ഇംഗ്ലണ്ടും. ഓസീസ് ജയിച്ചാൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാകും. ഓസീസ് ന്യൂസീലൻഡുമായും ഏറ്റുമുട്ടും.

നേരത്തെ, നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റൺസെടുത്തത്. എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയാണ് ശ്രീലങ്കൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. 128 പന്തിൽ 113 റൺസെടുത്ത മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. 10 ബൗണ്ടറിയും രണ്ടു സിക്സും നിറംചാർത്തിയ ഇന്നിങ്സ്! ലഹിരു തിരിമാന്നെയും അർധസെ‍ഞ്ചുറി നേടി. ഇന്ത്യയ്ക്കായി 10 ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജസ്പ്രീത് ബുമ്രയുടെ ആകെ വിക്കറ്റ് നേട്ടം 100 കടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *