ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്ത്

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്ത്. ലോര്‍ഡ്‌സില്‍ രണ്ടാം ഓവറില്‍ ബംഗ്ലാദേശ് ഏഴ് റണ്‍സ് പിന്നിട്ടതോടെയാണിത്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍, 316 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിനെ ഏഴ് റണ്‍സില്‍ പാക്കിസ്ഥാന്‍ പുറത്താക്കണമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 315 റണ്‍സ് നേടി. ഇമാം ഉള്‍ ഹഖ് സെഞ്ചുറിയും ബാബര്‍ അസം അര്‍ദ്ധ സെഞ്ചുറിയും നേടി. എന്നാല്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി മുസ്‌താഫിസുര്‍ പാക്കിസ്ഥാന് ഷോക്ക് നല്‍കുകയായിരുന്നു. പാക്കിസ്ഥാന്‍ പുറത്തായതോടെ ന്യൂസിലന്‍ഡ് സെമിയിലെത്തി.

ലോര്‍ഡ്‌സില്‍ ടോസ് നേടിയിട്ടും പാക്കിസ്ഥാന് മുതലാക്കാനായില്ല. ബംഗ്ലാ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറുക്കിയപ്പോള്‍ പാക്കിസ്ഥാന് പതിഞ്ഞ തുടക്കം. പവര്‍പ്ലേയില്‍ നേടാനായത് 38 റണ്‍സ്. ഇതിനിടെ സൈഫുദീന്‍ എറിഞ്ഞ എട്ടാം ഓവറില്‍ 31 പന്തില്‍ 13 റണ്‍സെടുത്ത ഫഖര്‍ സമാനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമും ഇമാം ഉള്‍ ഹഖും കരകയറ്റി. എന്നാല്‍ 98 പന്തില്‍ 96 റണ്‍സെടുത്ത ബാബറിനെ 32-ാം ഓവറില്‍ സൈഫുദീന്‍ എല്‍ബിയില്‍ കുടുക്കി ബ്രേക്ക് ത്രൂ നല്‍കി.

സെഞ്ചുറി നേടിയെങ്കിലും 100ല്‍ നില്‍ക്കേ ഇമാം ഉള്‍ ഹഖ് 42-ാം ഓവറില്‍ ഹിറ്റ് വിക്കറ്റായതോടെ ബംഗ്ലാദേശ് പിടിമുറുക്കി. ഹഫീസ്(27), സൊഹൈല്‍(6), വഹാബ്(2), ഷദാബ്(1), ആമിര്‍(8) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. അവസാന ഓവറുകളില്‍ ഇമാദ് വസീമാണ്(26 പന്തില്‍ 43) പാക്കിസ്ഥാനെ 300 കടത്തിയത്. സര്‍ഫറാസും(3) ഷഹീനും(0) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മുസ്‌താഫിസുര്‍ അഞ്ചും സൈഫുദീന്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി.

Leave a Reply

Your email address will not be published. Required fields are marked *