പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് മുഖ്യമന്ത്രി

തിരുവനന്തുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് ഗുരുതരക്രമക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പാലം ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാവുന്ന തരത്തിലുള്ള അപാകതയാണ് പാലത്തില്‍ കണ്ടെത്തിയത്. മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി പതിനെട്ടര കോടി രൂപ ചിലവു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 102 പില്ലറുകളില്‍ 97 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. പാലം ഗതാഗത യോഗ്യമാകാന്‍ പത്തു മാസമെങ്കിലും വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

42 കോടി രൂപ ചിലവിട്ടാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാലം നിര്‍മ്മിച്ചത്. എന്നാല്‍ പുതുമ മാറും മുമ്പ് തന്നെ പാലം തകര്‍ന്നു. പാലാരിവട്ടം പാലത്തിന്റെ ശോചനീയാവസ്ഥ പഠിക്കാനാണ് ഇ.ശ്രീധരന്‍ അധ്യക്ഷനായുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. Ultra sounds velocity test ലൂടെ സംഘം നടത്തിയ പഠനത്തില്‍ പാലത്തിന് വലിയ ബലക്ഷയമാണ് കണ്ടെത്തിയത്.

പാലത്തിന്റെ 16 പിയര്‍ ക്യാപ്പുകളിലും വിള്ളല്‍ കണ്ടെത്തി. ഇതില്‍ മൂന്ന് പിയര്‍ ക്യാപ്പുകള്‍ അതീവ അപകടാവസ്ഥയിലാണ്. ഇനി പാലം ഉപയോഗ പ്രദമാകണമെങ്കില്‍ കോണ്‍ക്രീറ്റ് ജാക്കറ്റുകള്‍ കൊണ്ട് ബലപ്പെടുത്തണം. ഇത്തരം പ്രവര്‍ത്തിക്കള്‍ക്കെല്ലാമായി പത്ത് മാസം എങ്കിലും വേണ്ടിവരും. അതിന് ശേഷം മാത്രമേ ഗതാഗതത്തിനായി പാലം തുറന്ന് നല്‍കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *