കനത്ത മഴ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകര്‍ന്നു; 22ഓളം പേരെ കാണാതായി

കെ.സി.വിശാഖ്‌


മുംബൈ: കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 22ഓളം പേരെ
കാണാതായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. 12 വീടുകൾ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.

രാത്രി 10 മണിയോടെ അണക്കെട്ട് തകർന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുൻ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്. വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയിൽ കനത്ത നാശമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഇതുവരെ 37 പേരാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങളായ കുർള, ദാദർ, സയൺ, ഘാഡ്കോപ്പർ, മലാഡ്, അന്ധേരി എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. മുംബയിൽ 1500ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *