ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ ജയം

ബർമിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ അപൂർവമായി മാത്രം വിജയതൃഷ്ണ കാട്ടിയ ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിച്ചു. തോൽവി 31 റൺസിന്. ഇംഗ്ലിഷ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്. തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിങ്സിന് അടിത്തറയിട്ട ജോണി‍ ബെയർസ്റ്റോയാണ് കളിയിലെ കേമൻ.

തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു തുടരുന്നു. ഈ തോൽവി ഇന്ത്യയുടെ സെമി സാധ്യതകളെ കാര്യമായി ബാധിക്കില്ലെങ്കിലും ഉപഭൂഖണ്ഡത്തിൽനിന്നുള്ള പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളുടെ സെമി സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. തോറ്റാൽ ഏറെക്കുറെ പുറത്താകുമെന്ന നിലയിൽ ഇന്ത്യയെ നേരിട്ട ഇംഗ്ലണ്ട് ആകട്ടെ, ഈ വിജയത്തോടെ െസമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്തു. നിലവിൽ എട്ടു കളിയിൽനിന്ന് 10 പോയിന്റുമായി ഇംഗ്ലണ്ട് പാക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി.അടുത്ത മൽസരത്തിൽ ന്യൂസീലൻഡിനെയും തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യയ്ക്കും ശേഷിക്കുന്ന രണ്ടു മൽസരങ്ങളിൽ ഒന്നു ജയിച്ചാൽ സെമിയിൽ കടക്കാം. ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള കളികൾ.

 

Leave a Reply

Your email address will not be published. Required fields are marked *