സര്‍ക്കാര്‍ ഓഫിസുകളില്‍  അതിവേഗ സേവനത്തിന് കളക്ടറുടെ ഇടപെടല്‍

എല്ലാ അപേക്ഷകളിലും മാനുഷികവശം കാണണം

അനാവശ്യമായി ഫയല്‍ വൈകിച്ചാല്‍ നടപടി

ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നു ജനങ്ങള്‍ക്ക് അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടറുടെ ഇടപെടല്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ വരുന്ന ഓരോ ഫയലും സമയബന്ധിതമായി പരിശോധിച്ച് അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ഫയല്‍ തീര്‍പ്പാക്കുമ്പോള്‍ ചട്ടങ്ങളും നിയമങ്ങളും പരിശോധിക്കുന്നതിനൊപ്പം മാനുഷിക പരിഗണനകൂടി ഉറപ്പാക്കണം. ജില്ലാ കളക്ടറായി ചുമതലയേറ്റശേഷം നടന്ന ആദ്യ ജില്ലാ വികസന സമിതി യോഗത്തിലാണ് സര്‍ക്കാര്‍ ഓഫിസിലേക്കെത്തുന്ന ഒറ്റ അപേക്ഷയും സാങ്കേതികത്വത്തിന്റെ പേരില്‍ ചുവപ്പുനാടയില്‍ കുരുക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയത്.

സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഗുണങ്ങള്‍ ശരിയായ രീതിയിലും കൃത്യസമയത്തും ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഭരണ നിര്‍വഹണ സംവിധാനത്തിന്റെ വേഗത കൂട്ടുകതന്നെ വേണമെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ലൈഫ് പദ്ധതിക്കായി ലഭിച്ച അപേക്ഷകളില്‍ തണ്ണീര്‍ത്തട നിയമം പോലുള്ള സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഏതെങ്കിലും അപേക്ഷ നിരസിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ പകരം സ്ഥലമോ സംവിധാനമോ കണ്ടെത്തണം.

പ്രളയ ബാധിതര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇനിയും കിട്ടാത്തവര്‍ ജില്ലയിലുണ്ടെന്നാണ് ഇതു സംബന്ധിച്ച പരാതികളില്‍നിന്നു മനസിലാകുന്നത്. പ്രളയ സഹായം സംബന്ധിച്ച അപേക്ഷകളില്‍ ജൂലായ് 20 നകം നടപടി പൂര്‍ത്തിയാക്കണം.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായാണ് അറിയാനായത്. ഇതിന് പരിഹാരമുണ്ടാക്കാന്‍ ജൂലായ് ആദ്യ ആഴ്ചയില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കെട്ടിട നിര്‍മാണ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ കുടുംബങ്ങളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ നടപടി ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. ജില്ലയില്‍ ആകെയുള്ള 6.9 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ 1.75 ലക്ഷം പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ ഉണ്ട്. ശേഷിക്കുന്ന എല്ലാവര്‍ക്കും പദ്ധതിയുടെ ഭാഗമായി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ കാര്യക്ഷമമായി നടത്താന്‍ ഉദ്യോഗസ്ഥ സംവിധാനവും ഉത്സാഹിക്കണം. പഞ്ചായത്ത്, ഫിഷറീസ്, പട്ടികജാതി – പട്ടികവര്‍ഗ, റവന്യൂ വകുപ്പുകളും വാട്ടര്‍ അതോറിറ്റി, ജലനിധി തുടങ്ങിയ ഏജന്‍സികളും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നിലവില്‍ നടക്കുന്ന വിവിധ വികസന പദ്ധതികള്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ചര്‍ച്ചചെയ്തു. പദ്ധതികള്‍ കാര്യക്ഷമമായും വേഗത്തിലും നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ സി. ദിവാകരന്‍, സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രതിനിധികള്‍, എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.പി. 694/2019)

വിശക്കുന്നവര്‍ക്ക് അന്നവുമായി
ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് പൊതു വിദ്യാലയങ്ങള്‍.  ഇതിനുദാഹരണമാണ് ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളലെ വിശപ്പിന് അന്നം പദ്ധതി.

ആഴ്ചയില്‍ ഒരിക്കല്‍ സ്‌കൂളിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ നിര്‍ദ്ധനരായവര്‍ക്ക് പൊതിച്ചോറ് എത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി. സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.  പൊതിച്ചോറ് കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടു വരും. അധ്യാപകരുമൊത്ത് വിവിധ പ്രദേശങ്ങളില്‍ എത്തി അര്‍ഹരായവര്‍ക്ക് ഈ ഭക്ഷണപ്പൊതികള്‍ നല്‍കും. 40 കുട്ടികളാണ് ജുനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിലുള്ളത്.

(പി.ആര്‍.പി. 695/2019)

Leave a Reply

Your email address will not be published. Required fields are marked *