സീറ്റ് ഒഴിവ്, അറിയിപ്പ്‌…

സീറ്റ് ഒഴിവ്

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ ഒന്ന്, ഒമ്പത്, പ്ലസ് വൺ (സയൻസ്) ക്ലാസുകളിൽ പട്ടികവർഗക്കാരായ വിദ്യാർഥികൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണു പ്രവേശനത്തിനു യോഗ്യത. പി.വി.ടി.ജി. വിഭാഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. താത്പര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണമെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2846631.

ഗ്രാന്റ് ഇൻ എയ്ഡ്

സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് 2018 – 2019 സാമ്പത്തിക വർഷത്തെ ഗ്രാന്റ് ഇൻ എയ്ഡ് അനുവദിക്കുന്നതിനു സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ സാമൂഹ്യ നീതി ഓഫിസർ, ജില്ലാ സാമൂഹ്യ നീതി ഓഫിസ്, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ജൂൺ 30നു മുൻപ് ലഭിക്കണമെന്ന് സാമൂഹ്യ നീതി ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2343241, dswotvmswd@gmail.com

അക്ഷയ സംരംഭകർക്ക് ടാബ്‌ലറ്റ് വിതരണം

ആധാർ ഓപ്പറേറ്റർ പരീക്ഷ പാസായ അക്ഷയ സംരംഭകർക്കു സംസ്ഥാന സർക്കാർ അനുവദിച്ച ടാബ്‌ലറ്റിന്റെ വിതരണം ഇന്ന് (ജൂൺ 26) സഹകരണം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. വഴുതക്കാട് വനംവകുപ്പ് ഓഫിസ് കോംപൗണ്ടിലെ വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക്് ആധാർ മെഷീൻ ഉപയോഗിക്കാതെ ആധാർ എടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാബ്‌ലറ്റ് വിതരണം. ജില്ലയിൽ 216 അക്ഷയ സംരംഭകർക്കാണ് ടാബ് ലഭ്യമാക്കുന്നത്. സംസ്ഥാനമാകെ 2800 ടാബുകളാണ് വിതരണം ചെയ്യുന്നത്.

തീയതി നീട്ടി

വിദ്യാർഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടത്തുന്നതിനായി കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷൻ തീയതി ജൂൺ 29 വരെ നീട്ടിയതായി സെക്രട്ടറി വി. അനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2334472, 2332920

ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാറ്റം

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലായിരുന്ന ചേങ്കോട്ടുകോണം, സ്വാമിയാർമഠം, ഇടത്തറ ഭാഗത്തുള്ള കാണവിള, കരിമ്പുവിള, അംബേദ്കർ കോളനി, പള്ളപ്പാറ, പങ്കജ് എൻക്ലേവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഉപയോക്താക്കളെ പോത്തൻകോട് ഇലക്ട്രിക്കൽ സെക്ഷനു കീഴിലേക്കു മാറ്റിയതായി കെ.എസ്.ഇ.ബി. അറിയിച്ചു. ഈ പ്രദേശത്തെ ഉപയോക്താക്കൾ വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്ക് ഇനിമുതൽ പോത്തൻകോട് സെക്ഷൻ ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *