കേരള മന്ത്രിമാര്‍ മലയാളികളുടെ ഭാഗ്യം: യതീഷ് ചന്ദ്ര

തൃശൂർ : പ്രളയകാലത്ത് രാവുംപകലും നിര്‍ദേശങ്ങളുമായി തൃശൂരിലെ മന്ത്രിമാര്‍ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നെന്നു തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര. ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിളിച്ച യോഗത്തിലാണു യതീഷ് ചന്ദ്ര മന്ത്രിമാരെ പ്രശംസിച്ചത്.

കണ്‍ട്രോള്‍ റൂമില്‍ കലക്ടര്‍ ടി.വി.അനുപമയ്ക്കും കമ്മിഷണര്‍ക്കും ഒപ്പം തൃശൂരിൽനിന്നുള്ള മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ് എന്നിവർ സജീവമായിരുന്നു. പ്രളയത്തിനിടെ സഹായം അഭ്യര്‍ഥിച്ചുള്ള നിരവധി ഫോൺകോളുകള്‍ വരുന്നുണ്ട്. ഓരോ കോളും അറ്റന്‍ഡ് ചെയ്ത് സഹായിക്കാന്‍ മന്ത്രിമാര്‍ രാവുംപകലും കലക്ടര്‍ക്കും കമ്മിഷണര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു. ആറാട്ടുപുഴയില്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്‍ചാക്ക് ചുമന്നു നാട്ടുകാരെ സഹായിച്ച മന്ത്രി വി.എസ്.സുനില്‍കുമാറിനെക്കുറിനെ മറക്കാനാകില്ല. ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ല. കൂലിപ്പണിക്കാരന്‍ ചെയ്യേണ്ട ജോലി പോലും നാടിനുവേണ്ടി ചെയ്യാന്‍ തയാറായ മന്ത്രിമാര്‍ കേരളത്തിലേ കാണൂ. നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. – യതീഷ് ചന്ദ്ര പറഞ്ഞു.

പഠിക്കുമ്പോള്‍ തനിക്കു നൂറില്‍നൂറ് മാര്‍ക്ക് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് യതീഷ് ചന്ദ്ര തുറന്നുപറഞ്ഞു. നൂറില്‍ 99 മാര്‍ക്കു വരെ ലഭിച്ചിട്ടുണ്ട്. നൂറില്‍ നൂറു മാര്‍ക്ക് കിട്ടുന്നത് അപാരമായ കഴിവു തന്നെയാണ്. ഇങ്ങനെ വിദ്യാർഥികളെ വിജയിപ്പിച്ചെടുക്കുന്നതില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. വെള്ളമൊഴിച്ചു ചെടി നട്ടുവളര്‍ത്തുന്നതു പോലെ അറിവുകള്‍ അധ്യാപകര്‍ കൈമാറിയാണ് വിദ്യാർഥികളെ വിജയിപ്പിച്ചെടുത്തത്. ഓരോരുത്തരുടെയും ഡിഎന്‍എ വേറെ. ഓരോരുത്തരുടേയും വിരലടയാളം വേറെ. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരെയും ജനിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം. സ്വപ്നങ്ങള്‍ പിന്തുടരണം. അവനവന്‍റെ കഴിവ് മനസ്സിലാക്കി സ്വപ്നം കാണണം. അതിനായി അധ്വാനം ചെയ്യണം– വിദ്യാർഥികളോട് യതീഷ് ചന്ദ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *