ഉപതിരഞ്ഞെുപ്പ്‌: എല്‍ഡിഎഫിന് 22, യുഡിഎഫിന് 17 സീറ്റ്, ബിജെപിക്ക് അഞ്ച് സീറ്റ്

തിരുവനന്തപുരം : തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. 44ല്‍ 22 സീറ്റുകള്‍ എല്‍ഡിഎഫും 17 എണ്ണം യുഡിഎഫും നേടിയപ്പോള്‍  ബിജെപിക്ക് അഞ്ച് സീറ്റ് ലഭിച്ചു. യുഡിഎഫ്, എല്‍ഡിഎഫിന്റെ  ഏഴു സീറ്റ് പിടിച്ചെടുത്തു.

പാലക്കാട് ജില്ലയിൽ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിർത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ 16 ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ  വനജ കണ്ണൻ വിജയിച്ചു. അതേസമയം, മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് വാർഡിൽ  ബിജെപിയിലെ സൗമ്യയാണ് വിജയിച്ചത്.

തൊടുപുഴ നഗരസഭ 23ാം വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി മായ ദിനു(574 വോട്ടുകൾ) വിജയിച്ച് സീറ്റു നിലനിൽത്തി.  യുഡിഎഫിലെ നാഗേശ്വരി അമ്മാളിന് 145 വോട്ടും എൽഡിഎഫ് പ്രതിനിധി രാജി രാജന് 137 വോട്ടുമാണ് ലഭിച്ചു.

കൊല്ലം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 തദ്ദേശ സ്ഥാപന വാർഡുകളിൽ മൂന്നിടത്തും സിപിഎം വിജയം. ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു.

കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഓണമ്പലം വാർഡിൽ സിപിഐ യിലെ എ. ലില്ലിക്കുട്ടിയെ കോൺഗ്രസിലെ സിന്ധു പ്രസാദ് 137 വോട്ടിനു തോൽപിച്ചു. സിപിഐ യുടെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

അഞ്ചൽ ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് വാർഡിൽ സിപിഎമ്മിലെ നസീമ ബീവി സലിം കോൺഗ്രസിലെ നൂർജഹാനെ 46 വോട്ടിനു തോൽപിച്ചു. കോൺഗ്രസിൽ നിന്നു ഈ സീറ്റ് സിപിഎം പിടിച്ചെടുത്തു.കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തുമ്പോട് വാർഡിൽ സിപിഎമ്മിലെ ജെഎം മർഫി കോൺഗ്രസിലെ അഡ്വ. ജി. മോഹനനെ 287 വോട്ടുകൾക്കു തോൽപിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നെടുപുറം വാർഡിൽ സിപിഎമ്മിലെ ബി. ബൈജു കോൺഗ്രസിലെ ആർ. രാജീവിനെ 480 വോട്ടുകൾക്കു തോൽപിച്ചു. ബിജെപി ഇവിടെ 264 വോട്ടു പിടിച്ചു. 4 വാർഡുകളിലും ബിജെപി മൂന്നാം സ്ഥാനത്താണ്.

കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാർഥി ഡോളി ഐസക് ജയിച്ചു. 167 വോട്ട്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സിപിഎം സ്ഥാനാര്‍ഥിക്ക് 103 വോട്ടും ജനപക്ഷം സ്ഥാനാർഥിക്ക് 74 വോട്ടും ലഭിച്ചു

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത്  ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. കോൺഗ്രസിലെ അനി വലിയകാലായെ 38 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽഡിഎഫിലെ മാത്യൂസ് എബ്രഹാം പടിഞ്ഞാറേമണ്ണിൽ വിജയിച്ചത്.

ആലപ്പുഴ ജില്ലയിൽ ഉപതിരഞ്ഞെടുപ്പുകളിൽ എൽ‍ഡിഎഫിനു നേട്ടം. കായംകുളം നഗരസഭയിലും പാലമേൽ, കുത്തിയതോട് ഗ്രാമപഞ്ചായത്തുകളിലും ഓരോ സീറ്റ് എൽഡിഎഫ് നേടി. ചേർത്തല നഗരസഭയിൽ ബിജെപിക്കു ജയം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ മാത്രമാണു യുഡിഎഫ് ജയിച്ചത്. കുത്തിയതോട്ടിലും ചേർത്തലയിലും യുഡിഎഫിനു സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു

തൃശൂരിൽ  ഉപതിരഞ്ഞെടുപ്പു നടന്ന  നാലിടത്തും യുഡിഎഫിനു വിജയം. പൊയ്യ  പൂപ്പത്തി , കോലഴി, പാഞ്ഞാൾ കിള്ളിമംഗലം ,തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ  ചേറ്റുവ  വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. മൂന്നെണ്ണം പിടിച്ചെടുക്കുകയായിരുന്നു. കോലഴി സീറ്റാണ് നിലനിർത്തിയത്.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎം സ്ഥാനാർഥി അരിക്കോട്ടയിൽ അനിത യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സരോജിനി ഗോപാലനെ പരാജയപ്പെടുത്തി. (ഭൂരിപക്ഷം 307)

33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആറ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും അഞ്ച് നഗരസഭ വാര്‍ഡുകളിലുമായി ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 74 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *