കശ്മീരിന്റെ ഒരു ഭാഗം നഷ്ടമാകാൻ കാരണം നെഹ്റു: അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ലോക്സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിന്റെ ഒരു ഭാഗം നഷ്ടമാകാൻ കാരണം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് അമിത് ഷാ പറഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലും വിശ്വാസത്തിലെടുക്കാൻ നെഹ്റു തയാറായില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചത് നെഹ്റുവിന്റെ തീരുമാനമായിരുന്നു.

നിങ്ങൾ പറയുന്നു, ബിജെപി ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്നില്ലായെന്ന്. എന്നാൽ സത്യത്തിൽ നെഹ്റുവാണ് അങ്ങനെ ചെയ്തത്. ഇന്ത്യ വിഭജനവും നെഹ്റു സ്വയമെടുത്ത തീരുമാനമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ, സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള പ്രമേയം എന്നിവ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന. പ്രതിപക്ഷ ബഹളത്തിനിടയിൽ ഇവ രണ്ടും ലോക്സഭ പാസാക്കി.

‘ജമ്മു കശ്മീർ ഇന്ത്യയിലാണെന്ന ഒരു സൂചന പോലും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ‘ഇന്ത്യ’ എന്ന ഭാഗം മറച്ചാണ് കശ്മീരിൽ പ്രവർത്തിച്ചിരുന്നത്. ബിജെപി നേതാക്കളായ മുരളീ മനോഹർ ജോഷിയും നരേന്ദ്ര മോദിയും ജീവൻ പണയപ്പെടുത്തിയാണ് ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയത്. അന്ന് ഞങ്ങൾ അധികാരത്തിലുണ്ടായിരുന്നില്ല. ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നവർക്കാണ് ഉള്ളിൽ ഭയം. ഞങ്ങൾക്ക് അതില്ല.’– അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിൽ ഭീകരവാദം അവസാനിപ്പിക്കുന്നതിനു കേന്ദ്ര സർക്കാർ വളരെയധികം പ്രയത്നിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഭീകരസംഘടനകളെ നിരോധിക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. ജെകെഎൽഎഫ് പോലുള്ള സംഘടനകളെ ബിജെപി സർക്കാരാണ് നിരോധിച്ചത്. സംസ്ഥാനത്തെ ക്രമസമാധന നില പുരോഗമിച്ചിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ള തിരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘ഭീകരവാദത്തോടു തീർത്തും സഹിഷ്ണുതയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ജമ്മു കശ്മീരിൽ നിന്നു ഭീകരവാദം പിഴുതെറിയാൻ കഴിഞ്ഞ ഒരു വർഷത്തിൽ സർക്കാർ വളരെയധികം കാര്യങ്ങൾ ചെയ്തു. കുറച്ചു നാളുകൾക്ക് മുൻപു വരെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം രക്തചൊരിച്ചിലുകൾ ഉണ്ടാകുന്ന കശ്മീരിനെയാണ് നാം കണ്ടത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കശ്മീരിൽ ഒരുതരത്തിലുള്ള അക്രമസംഭവങ്ങളുമുണ്ടായില്ല. ക്രമസമാധന നില പൂർണമായും നിയന്ത്രണത്തിലാണ്. ആളുകളുടെ അവകാശങ്ങൾക്കു വേണ്ടിയാണ് സർക്കാർ പ്രവർത്തിച്ചത്. മിക്കവാറും പ്രശ്നങ്ങൾ കേവലം ഒരു വർഷംകൊണ്ടു പരിഹരിക്കാൻ സാധിച്ചു.’– അമിത് ഷാ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *