വിൻഡീസിനെതിരെ ഇന്ത്യയ്ക്ക്‌ 125 റൺസിന്റെ കൂറ്റൻ ജയം

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ നീലാകാശത്തിനു കീഴില്‍ തിങ്ങി നിറഞ്ഞ ഇന്ത്യന്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ന്ന മത്സരത്തിനൊടുവില്‍ വെസ്റ്റ് ഇന്‍ഡീസും മുട്ടുമടക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും പൊരുതാനാകാതെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി കൂടാരം കയറിയപ്പോള്‍  ഇന്ത്യയുടെ വിജയം 125 റണ്‍സിന്. ഇതോടെ ടൂര്‍ണമെന്റില്‍ പരാജയമറിയാതെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.സ്‌കോര്‍: ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ്, വെസ്റ്റ് ഇന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 29-ലെത്തിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍-കോഹ്‌ലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ദ്ധ സെഞ്ച്വറിക്ക് വെറും 2 റണ്‍സ് മാത്രം അകലെ രാഹുല്‍ വീണു. വിജയ് ശങ്കര്‍(14) വീണ്ടും നിരാശപ്പെടുത്തി. ഇതിനിടയില്‍ ഒരറ്റത്തു നിലയുറപ്പിച്ച നായകന്‍ വിരാട് കോഹ്‌ലി സച്ചിനേയും ലാറയേയും പിന്തള്ളി അതിവേഗം 20,000 റണ്‍സെന്ന നേട്ടത്തിലെത്തുന്ന താരമായി. 82 പന്തില്‍ 72 റണ്‍സ് നേടി കോഹ്‌ലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 250. ധോണി 61 പന്തില്‍ 56 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 2 സിക്‌സറും ഒരു ബൗണ്ടറിയും സഹിതം ധോണി നേടിയ 16 റണ്‍സ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. ഹര്‍ദിക് പാണ്ഡ്യ 46 റണ്‍സ് നേടി.

വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ഷെല്‍ഡണ്‍ കോട്രെല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ 2 വിക്കറ്റു വീതം നേടിയപ്പോള്‍ കെമാര്‍ റോച്ച് 10 ഓവറില്‍ 36 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *