അട്ടകുളങ്ങര വനിതാ ജയിലില്‍നിന്ന് രണ്ട് പ്രതികള്‍ തടവുചാടി

തിരുവനന്തപുരം: അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും വിചാരണ തടവുകാരായ രണ്ടു പേർ തടവ് ചാടി. ചൊവ്വാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേർ രക്ഷപ്പെട്ട വിവരം ജീവനക്കാർ അറിഞ്ഞത്.

തുടർന്നു ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാർ ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞി നട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ എന്നിവരാണു രക്ഷപ്പെട്ടത്.

ജയിലിനു പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ ജില്ല വിട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ചും തിരച്ചിൽ ശക്തമാക്കി. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഫോട്ടോകൾ നൽകിയതായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ജയിൽ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാർ രക്ഷപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജയിൽ ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *