ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ  ലൈംഗിക ആരോപണവുമായി പ്രശസ്ത എഴുത്തുകാരി രംഗത്ത്. യുഎസ് ഫാഷൻ മാസികയിൽ എഴുത്തുകാരിയായ ജീൻ കരോളാണ് രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് ട്രംപിൽ നിന്നുണ്ടായ മോശം അനുഭവം പറഞ്ഞ് രംഗത്തെത്തിയത്. 1990- കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായാണ് കരോളിന്റെ വെളിപ്പെടുത്തല്‍.

തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സംഭവം നടക്കുമ്പോൾ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്. എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്ന താൻ ഭയം മൂലം സംഭവം പൊലീസിൽ അറിയിക്കുകയോ പുറത്തു പറയുകയോ ചെയ്തിരുന്നില്ലെന്ന് ജീൻ കരോൾ പറയുന്നു.

അന്ന് 52 വയസുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നെന്നും കരോള്‍ ആരോപിക്കുന്നു. തന്റെ പെൺസുഹൃത്തിനു സമ്മാനം തിരഞ്ഞെടുക്കാൻ ട്രംപ് ആവശ്യപ്പെട്ടതിനനുസരിച്ച് താൻ ഒരു സ്യൂട്ട് തിരഞ്ഞെടുത്തു. അത് ധരിക്കാൻ ട്രംപ് നിർബന്ധിച്ചു. ഷോപ്പിങ് മാളിലെ ഡ്രസിങ് റൂമിനുള്ളിൽ കയറിയ തന്നെ പിന്നാലെയെത്തി ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയായിരുന്നു. ലൈംഗിക അതിക്രമം തടഞ്ഞ തന്റെ കൈകള്‍ ബലമായി പിടിച്ച ശേഷം റൂമിലെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തിയെന്നു ജീൻ കരോൾ പറയുന്നു.

എന്നാൽ ആരോപണങ്ങൾ ട്രംപ് തള്ളികളഞ്ഞു. ആരോപണങ്ങൾ എല്ലാം തന്നെ വ്യാജമാണ്. ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ല. സംഭവവമായി ബന്ധപ്പെട്ട് എതെങ്കിലും ഒരു ചിത്രമോ, വിഡിയോ ദൃശ്യമോ അന്ന് ആ മാളിൽ സന്നിഹിതരായിരുന്ന ഒരാളുടെ മൊഴിയോ ഹാജാരാക്കാൻ സാധിക്കുമോയെന്നു ട്രംപ് വെല്ലുവിളിച്ചു. ഒരിക്കലും അത്തരമൊരു തെളിവ് നൽകാൻ സാധിക്കില്ല, കാരണം അങ്ങനെയൊരു സംഭവം നടന്നിട്ടില്ല– ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *