കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 17ാം ലോക്സഭയിൽ രണ്ടാം മോദി സർക്കാറിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വരൾച്ച. വരൾച്ചയെ മറികടക്കാനുള്ള പദ്ധതികൾ ആസുത്രണം ചെയ്യുമെന്നും 2020നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാകണമെന്നും പറഞ്ഞ രാഷ്ട്രപതി ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം ഉദ്ധരിച്ചു. മുത്തലാഖ് ,  നിക്കാഹ് ഹലാല ഉൾപ്പെടെയുള്ള ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യണമെന്നും  രാഷ്ട്രപതി പറഞ്ഞു. രബീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർഷകർക്ക് പ്രത്യേക പെൻഷൻ സമ്പ്രദായം കൊണ്ടുവരുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകും. സൈനിക ശക്തി വർധിപ്പിക്കും. ‌സർജിക്കൽ സ്ട്രൈക്കും പുൽവാമ ആക്രമണത്തിനു ശേഷം നടന്ന വ്യോമാക്രമണവും ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരോട് അനുകമ്പ ഉണ്ടാകില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ 61 കോടി ജനങ്ങൾ വോട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പിൽ മികച്ച ജനവിധിയാണ് ഉണ്ടായത്. 2014 മുതൽ  മോദി സർക്കാർ നടപ്പാക്കിയ വികസനം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. . സ്ത്രീകള്‍ക്കും യുവാക്കൾക്കുമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ നിലവിലുള്ള രാജ്യം ഇന്ത്യയാണെന്നും അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *