രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക്  നാളെ തിരിതെളിയും

· കൈരളി, നിള, ശ്രീ തിയേറ്ററുകളിലായി ആറു ദിവസം നീളുന്ന മേള
· പ്രദർശനത്തിന് 262 ചിത്രങ്ങൾ

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) നാളെ (ജൂൺ 21) തിരിതെളിയും. വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. കൈരളി, നിള, ശ്രീ തിയേറ്ററുകളിലായി 26 വരെ നടക്കുന്ന മേളയിൽ 262 ചിത്രങ്ങളാണു പ്രദർശിപ്പിക്കുന്നത്.

മുൻ വർഷങ്ങളിൽ അഞ്ചു ദിവസമായിരുന്ന മേള മലയാള ചിത്രങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായാണ് ഇത്തവണ ആറു ദിവസമാക്കിയതെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഗസ്റ്റിനോ ഫെറെന്റെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം സെൽഫിയാണ് ഉദ്ഘാടന ചിത്രം. രണ്ടു യുവാക്കളുടെ ക്യാമറക്കാഴ്ചകളിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട കോണുകളിലെ സംഘടിത കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പരിക്ഷണാത്മക സംരംഭമാണ് സെൽഫി.

ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാംപസ് ഫിലിം എന്നീ ഇനങ്ങളിലായി 63 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര വിഭാഗത്തിൽ 44 ഉം ഫോക്കസ് വിഭാഗത്തിൽ 74 ഉം മലയാളം വിഭാഗത്തിൽ 19 ഉം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് നവതംരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരിയായിരുന്ന ആഗ്നസ് വാർദ, ലെബനീസ് സംവിധായികയും മാധ്യമ പ്രവർത്തകയുമായിരുന്ന ജോസ്‌ലിൻ സാബ് എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിച്ച് അവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

അമേരിക്കൻ സംവിധായകൻ ബിൻ മോറിസണിന്റെ ദ ഗ്രേറ്റ് ഫ്‌ളഡ്, അടൂർ ഗോപാലകൃഷ്ണന്റെ പുതിയ സംവിധാന സംരംഭമായ ഹ്രസ്വചിത്രം സുഖാന്ത്യം എന്നിവയും മേളയുടെ ആകർഷണമാകും. 2017ലെ ജെ.സി ഡാനിയേൽ പുരസ്‌കാര ജേതാവായ ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിർമിച്ച ഋതുരാഗം എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനവും മേളയിലുണ്ടാകും. പ്രദർശന ചിത്രങ്ങളെ ആസ്പദമാക്കി മുഖാമുഖം, ഇൻ കോൺവർസേഷൻ, സെമിനാർ എന്നീ പരിപാടികളുമുണ്ടാകും.

സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും ഐ.ഡി.എസ്. എഫ്.എഫ്.കെ. എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ മഹേഷ് പഞ്ചു, അക്കാദമി വൈസ് ചെയർപെഴ്‌സണും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോൾ എന്നിവരും പങ്കെടുത്തു.

മധുശ്രീ ദത്തയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രമുഖ ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ജൂൺ 26ന് നടക്കുന്ന സമാപന ചടങ്ങിലാണു പുരസ്‌കാര സമർപ്പണം. രണ്ടു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോക്യുമെന്ററി സംവിധായിക, ക്യൂരേറ്റർ, അധ്യാപിക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മധുശ്രീ ദത്ത സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നിയമസഹായം നൽകുന്നതിനുമായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മജ്‌ലിസ് എന്ന സംഘടനയുടെ സ്ഥാപകയാണ്. മധുശ്രീദത്തയുടെ ഏഴു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

മികച്ച ചിത്രങ്ങൾക്ക് പുരസ്‌കാരങ്ങൾ

12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകും. മികച്ച ലോങ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകും.

മികച്ച ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച രണ്ടാമത്തെ ഷോർട്ട് ഡോക്യുമെന്ററിക്ക് 50,000 രൂപയും പ്രശസ്തിപത്രവും അംഗീകാരമായി നൽകും.

മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരമായി നൽകും. കേരളത്തിൽ നിർമിക്കപ്പെട്ട മികച്ച ക്യാംപസ് ചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകന് പ്രമുഖ ക്യാമറമാൻ നവ്‌റോസ് കോൺട്രാക്റ്റർ ഏർപ്പെടുത്തിയ 15,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകും.

ഡെലിഗേറ്റ് കാർഡുകൾ ഇന്നു (ജൂൺ 20) മുതൽ

12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്കു രജിസ്റ്റർ ചെയ്തവർക്കുള്ള ഡെലിഗേറ്റ് കാർഡുകൾ ഇന്നു (ജൂൺ 20) വൈകിട്ടു മുതൽ വിതരണം ചെയ്യും. www.idsffk.in എന്ന വെബ്‌സൈറ്റിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം. മുതിർന്നവർക്ക് 400 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മാധ്യമപ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് തിയേറ്ററിൽ പ്രവേശിക്കാം. ഡലിഗേറ്റ് രജിസ്‌ട്രേനുള്ള ഹെൽപ്പ് ഡെസ്‌ക് കൈരളി തിയേറ്ററിൽ പ്രവർത്തിക്കുന്നുണ്ട്  .

Leave a Reply

Your email address will not be published. Required fields are marked *