‘ഇതെന്റെ അവസാനത്തെ ചിത്രം’; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ കുടുംബത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച മേജർ കേതൻ ശർമ്മ അവസാനമായി കുടുംബത്തിന് വാട്സ്ആപ്പിലൂടെ അയച്ച സന്ദേശം അറംപറ്റുന്നതായിരുന്നു. ‘ചിലപ്പോൾ ഇതെന്റെ അവസാനത്തെ ചിത്രമായിരിക്കും’ എന്നായിരുന്നു കേതന്റെ സന്ദേശം. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് കേതൻ കുടുംബാം​ഗങ്ങൾ ഉള്ള വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് തന്റെ ചിത്രമടക്കമുള്ള സന്ദേശം അയച്ചത്.

കശ്മീരിൽ ഉണ്ടായ വെടിവെപ്പിൽ പരിക്കേറ്റ നിലയിലാണ് കേതനെന്ന് ആർമി ഉദ്യോ​ഗസ്ഥർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ കേതൻ മരിച്ച് വിവരം പിന്നീടാണ് കുടുംബത്തെ അറിയിച്ചത്. ഇന്നലെ ജന്മനാടായ മീററ്റിൽ കേതന്റെ മൃ‍തദേഹം പൊതുദർശനത്തിന് വച്ചിരുന്നു. മേജർ കേതൻ ശർമ്മയ്ക്ക് ആദരാജ്ഞലികൾ ആർപ്പിക്കാൻ ആയിരക്കണക്കിനാളുകളാണ് മീററ്റിൽ എത്തിയത്. ദില്ലിയിലെ പാലം സൈനിക കേന്ദ്രത്തിലെത്തിച്ച കേതന്റെ മൃതദേഹത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും കരസേനാ മേധാവി ബിപിൻ റാവത്തും പുഷ്പചക്രം അർപ്പിച്ചിരുന്നു.

തിങ്കളാഴ്ച ജമ്മു കശ്മീരിലെ പുൽവാമയിലെ അരിഹാലിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഭീകരർ സ്ഫോടനം നടത്തുകയായിരുന്നു. ഫെബ്രുവരി 14-ന് ഭീകരാക്രമണം നടന്ന പുൽവാമയിലെ പ്രദേശത്ത് നിന്ന് 27 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം നടന്നത്. വാഹനത്തിൽ ഐഇഡി ഘടിപ്പിച്ച് 44 രാഷ്ട്രീയ റൈഫിൾസിലെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

അതേസമയം, പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജ്ജദ് മഖ്ബൂൽ ഭട്ടിനെ സൈന്യം വധിച്ചു. ആക്രമണത്തിൽ ചാവേറിനെ നിയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്തതെന്ന് സംശയിക്കുന്ന തൗസീഫ് ഭട്ടിനെയും സൈന്യം വധിച്ചു. ഇരുവരും പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് അംഗങ്ങളാണ്.

അനന്ത്നാഗിലെ ബിജ്ബെഹാരയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടയിൽ സൈന്യത്തിനുനേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടൽ ഉൾപ്പടെ അഞ്ച് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നഷ്ടമായത് പത്ത് സൈനികരാണ്.

Leave a Reply

Your email address will not be published. Required fields are marked *