വിശ്വാസത്തെ തൊട്ടുകളിച്ചത് കൊണ്ടാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് എൻ.എസ്.എസ്

ചങ്ങനാശ്ശേരി: വിശ്വാസത്തെ തൊട്ടുകളിച്ചത് കൊണ്ടാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കും ;ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് എൻ.എസ്.എസ്. എൻ.എസ്.എസിന്റെ മുഖപത്രമായ ‘സർവീസസിലാണ്’ ഇരുമുന്നണികളേയും വിമർശിച്ച് കൊണ്ടുള്ള മുഖപ്രസംഗം വന്നത്. കേരളത്തിൽ കോൺഗ്രസ് നേടിയ വിജയം ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ടെന്നും മുഖപ്രസംഗം  പറയുന്നു.

വിശ്വാസത്തെ ഇല്ലാതാക്കുന്ന നിലപാടെടുത്തത് കാരണമാണ് എൽ.ഡി.എഫിന് ഒരു സീറ്റിൽ മാത്രം ഒതുങ്ങേണ്ടി വന്നതെന്നും, ഈ പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ വീഴ്ച്ച വരുത്തിയെന്നും എൻ.എസ്.എസ് കുറ്റപ്പെടുത്തുന്നു. മാത്രമല്ല, പ്രാദേശികമായുള്ള ഭിന്നത പാർട്ടിയിൽ നിലനിൽക്കുന്നത് കൊണ്ടാണ് ആലപ്പുഴയിൽ കോൺഗ്രസിന് തോൽക്കേണ്ടി വന്നതെന്നും എൻ.എസ്.എസ് മുഖപത്രം പറയുന്നു. ദേശീയ തലത്തിൽ എൻ.ഡി.എ മുന്നണി അവർപോലും പ്രതീക്ഷിക്കാത്ത വിജയമാണ് സ്വന്തമാക്കിയതെന്നും അവരുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ ഫലപ്രദമായി നേരിടാൻ കോൺഗ്രസിനും കൂട്ടർക്കും കഴിഞ്ഞില്ലെന്നും എൻ.എസ്.എസ് വിലയിരുത്തുന്നു. ജനങ്ങൾ എടുത്ത തീരുമാനം തന്നെയാണ് ശരിയെന്നും ആ ശരിയോടൊപ്പം നിൽക്കാൻ കേന്ദ്രത്തിൽ നല്ല ഭരണമാണ് ഉണ്ടാകേണ്ടതെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാ ജനങ്ങളുടേയും സർക്കാരാണെന്നും ജാതിക്കും മതത്തിനും അതീതമായി നല്ല ഭരണം കാഴ്ചവയ്ക്കാൻ സർക്കാരിന് കഴിയട്ടേയെന്നും എൻ.എസ്.എസ്‌ ആശംസിച്ചു. മതപരമായ വിശ്വാസത്തിനും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അതിനെതിരെ എന്ത് നീക്കമുണ്ടായാലും അത് ചെറുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്നും മുഖപത്രം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *