സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സാ സഹായം തട്ടിപ്പുകള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നു സമൂഹമാധ്യമം വഴി മന്ത്രി ശൈലജ

തിരുവനന്തപുരം: സമൂഹമാധ്യമം വഴി ചികിത്സാ സഹായം തേടി  പണം തട്ടുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുവെന്ന  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിക്കൊരുങ്ങി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കത്ത് നൽകി. സമൂഹമാധ്യമം വഴി തന്നെയാണ് മന്ത്രിയും
ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം ഓൺലൈൻ തട്ടിപ്പുകളില്‍ പോയി വീഴാതെ സഹായം നല്‍കാന്‍ സന്മനസുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്ക് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശൈലജ കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവും ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണെന്നിരിക്കെ ഇത് ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *