നിലംനികത്തല്‍ കേസില്‍ താനറിയാതെ ഒരു ഉത്തരവും ഇനി പുറപ്പെടുവിക്കരുതെന്നു റവന്യൂ മന്ത്രി

തിരുവനന്തപുരം : കുന്നത്തുനാട് നിലംനികത്തല്‍ കേസില്‍ താനറിയാതെ ഒരു ഉത്തരവും ഇനി പുറപ്പെടുവിക്കരുതെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം. റവന്യൂ സെക്രട്ടറിയോടാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. എറണാകുളം കലക്ടറുടെ റിപ്പോര്‍ട്ടിനെ മറികടന്ന് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിലംനികത്തലിന് അനുകൂലമായി റവന്യൂ വകുപ്പ് ഉത്തരവിറക്കിയതാണു മന്ത്രിയെ ചൊടിപ്പിച്ചത്.

കുന്നത്തുനാട്ടിലെ 15 ഏക്കര്‍ വയല്‍ നികത്തല്‍സംബന്ധിച്ച് ഒരു തീരുമാനവും താനറിയാതെ കൈക്കൊള്ളരുതെന്നാണ് ഇ.ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി അറിയാതെ ഉത്തരവിറക്കിയതിലുള്ള അതൃപ്തിയും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. 15 ഏക്കര്‍ ഭൂമിയും വയലാണെന്നും നെല്‍വയല്‍, നീര്‍ത്തട നിയമത്തിനു കീഴില്‍ വരുന്നതാണെന്നും കാണിച്ചു നികത്തലും ക്രയവിക്രയവും കലക്ടർ തടഞ്ഞിരുന്നു.

വയല്‍നികത്തലിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും വിഷയം നിയമസഭയില്‍ കൊണ്ടുവരികയും ചെയ്തു. റവന്യൂ മന്ത്രിയെപ്പോലും മറികടന്നു മുഖ്യമന്ത്രിയുടെ ഒാഫിസ് വിഷയത്തില്‍ ഇടപെടുകയാണെന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി കടുത്ത നിലപാടു സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *