ഒമാൻ ഉൾക്കടൽ ആക്രമണം: എണ്ണവില കൂടി

ദുബായ്:  മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള എണ്ണ കയറ്റുമതിയിൽ ആശങ്ക നിറഞ്ഞതോടെ ഇന്ധനവിൽപനയിൽ നാലു ശതമാനത്തിന്റെ വർധന. ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് എണ്ണവിലയേറിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗൾഫിലേക്ക് എണ്ണസംഭരണത്തിനായി പോകാനിരുന്ന കപ്പലുകളിൽ മൂന്നെണ്ണം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. എണ്ണടാങ്കർ ഉടമകളായ ഡിഎച്ച്ടി ഹോൾഡിങ്സും ഹെയ്ഡ്മർ കമ്പനിയുമാണ് ഗൾഫിലേക്കുള്ള പുതിയ കപ്പൽ സർവീസുകൾ റദ്ദു ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഓഹരി വിപണിയെയും കപ്പലാക്രമണം മോശമായി ബാധിച്ചു. എണ്ണക്കമ്പനികൾക്കായിരുന്നു വലിയ തിരിച്ചടി.

രാജ്യാന്തര തലത്തിലെ എണ്ണവ്യാപാരത്തെ ഒമാൻ ഉൾക്കടലിലെ സംഭവവികാസങ്ങൾ ദോഷകരമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. യുഎസ്– ഇറാൻ സംഘർഷം ശക്തമാകുമെന്ന ഭീതി പരന്നതോടെ എണ്ണവില 4.5% വർധന രേഖപ്പെടുത്തിയതായി ‘ദ് ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തു.

ബ്രെൻഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയിൽ 4% വില വർധിച്ച് ബാരലിന് 53.25 ഡോളറിലെത്തി. ഇനിയും ആക്രമണം തുടർന്നാൽ ക്രൂഡോയിൽ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില വർധിക്കുമെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *