ദുബായ് ബസ് അപകടം: ആറു മലയാളികളടക്കം 17 പേർ മരിച്ചു

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ  ബസ് ട്രാഫിക് സൈൻ ബോർഡിലേക്കു ഇടിച്ചു കയറിയ അപകടത്തിൽ 17 പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇവരിൽ പിതാവും മകനും ഉൾപ്പടെ ആറുപേർ മലയാളികളാണ്. ആകെ 12 ഇന്ത്യക്കാർ  മരിച്ചിട്ടുണ്ട്. ഡ്രൈവർ ഉൾപ്പടെ അഞ്ചു പേർക്കു പരുക്കേറ്റു.

ഒമാനിൽ നിന്ന് ദുബായിലേക്കു വന്ന ബസാണ് കഴിഞ്ഞ ദിവസം വൈകിട്ട് അപകടത്തിൽപ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മർ(65), മകൻ നബീൽ(25) തിരുവനന്തപുരം സ്വദേശി ദീപക് കുമാർ(40), തൃശൂർ സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ. രണ്ടുപേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടുപാക്ക് സ്വദേശികളും ഒമാൻ സ്വദേശിയും അയർലന്റ് സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസിന്റെ ഇടതുവശം മുകൾഭാഗം നിശേഷം തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ.

ഈദ് ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് മസ്കത്തിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സർവീസ് പുനരാരംഭിക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *