വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി മണ്ഡലത്തിൽ

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നൽകിയ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മണ്ഡലത്തിൽ. 2.15ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നിലമ്പൂരിനടുത്ത് കാളികാവിലാണ് റോഡ് ഷോ തുടങ്ങുക. തുടർന്ന് നിലമ്പൂർ, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലും ഇന്ന് രാഹുൽ എത്തും. മഞ്ചേരി–വണ്ടൂർ റോഡിൽ വൻ ആഘോഷമൊരുക്കി യുഡിഎഫ് പ്രവർത്തകരും ആരാധകരും മണിക്കൂറുകളായി കാത്തുനിൽക്കുന്നു.

കാളികാവ്, നിലമ്പൂർ, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലെ റോഡ്ഷോയ്ക്കുശേഷം റോഡ് മാർഗം കൽപറ്റയിലേക്കു തിരിക്കും. കൽപറ്റ റെസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കാളികാവിൽ പഞ്ചായത്ത് ഓഫിസ് മുതൽ ടൗൺ വരെയും എടവണ്ണയിൽ സീതിഹാജി പാലം മുതൽ ജമാലങ്ങാടി വരെയും നിലമ്പൂരിൽ ചന്തക്കുന്ന് മുതൽ ഗവ. മോഡൽ യുപി സ്കൂൾ വരെയും അരീക്കോട് പുത്തലം മുതൽ പത്തനാപുരം പാലംവരെയുമാണ് രാഹുൽഗാന്ധിയുടെ റോഡ് ഷോ.

Leave a Reply

Your email address will not be published. Required fields are marked *