തെലങ്കാനയിൽ 12 എംഎൽഎമാർ ടിആർഎസ്സിലേക്ക്

ഹൈദരാബാദ്:തെലങ്കാനയിൽ  കോൺഗ്രസിന് കൂടുതൽ തിരിച്ചടി. കോൺഗ്രസിന്‍റെ 12 എംഎൽഎമാർ പാർട്ടിയെ ഭരണകക്ഷിയായ ടിആർഎസ്സുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കണ്ട് കത്ത് നൽകി.  119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷൻ കൂടിയായ ഉത്തം കുമാർ റെഡ്ഡി നൽഗോണ്ടയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രാജി വച്ചു. ഫലത്തിൽ ഇപ്പോൾ കോൺഗ്രസിന്‍റെ അംഗബലം 18. ഇതിൽ 12 പേരാണ് സ്പീക്കറെ കണ്ട് സ്വന്തം പാർട്ടി ഭരണകക്ഷിയുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

ഉച്ചയോടെയാണ് 12 എംഎൽഎമാർ സ്പീക്കർ പി ശ്രീനിവാസ് റെഡ്ഡിയെ കണ്ടത്. ഇതിന് മുമ്പായി തന്ദൂർ കോൺഗ്രസ് എംഎൽഎ രോഹിത്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ മകനും ടിആർഎസ്സിന്‍റെ പ്രവർത്തനാധ്യക്ഷനുമായ കെ ടി രാമറാവുവിനെ കണ്ട് ടിആർഎസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.ലയന ആവശ്യം മുന്നോട്ടു വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളും വേറൊരു പാർട്ടിയിൽ ചേരുകയാണെങ്കിൽ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കൽപിക്കാനാകില്ലെന്നാണ് നിയമം പറയുന്നത്. ആകെ 19 അംഗങ്ങളുള്ളതിൽ പിസിസി അധ്യക്ഷൻ രാജി വച്ചതിനാൽ തെലങ്കാന നിയമസഭയിൽ കോൺഗ്രസിനിപ്പോൾ 18 അംഗങ്ങളാണുള്ളത്. 12 എന്നത് 18-ന്‍റെ മൂന്നിൽ കണ്ട് ഭൂരിപക്ഷത്തിനും കൂടുതലാണ്. സ്പീക്കർ എംഎൽഎമാരുടെ ആവശ്യം അംഗീകരിച്ചാൽ കോൺഗ്രസിന് നിയമസഭയിൽ പ്രതിപക്ഷനേതൃപദവി നഷ്ടമാകും.

 

Leave a Reply

Your email address will not be published. Required fields are marked *