കേരള കോൺഗ്രസിൽ ഒത്തുതീർപ്പ് സാധ്യത മങ്ങി

കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ തർക്കങ്ങൾ അയവില്ലാതെ തുടരുന്നു. ഇതോടെ ഒത്തുതീർപ്പിനുള്ള സാധ്യതകളും മങ്ങി. പാർട്ടി ചെയർമാന്‍ പദവി വേണമെന്ന നിലപാടിലുറച്ചു തുടരുകയാണ് ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങൾ. പാർട്ടിയിലെ തർക്കം തെരുവിലേക്കു വലിച്ചിഴച്ചതിൽ പി.ജെ. ജോസഫിനു കടുത്ത അതൃപ്തിയുണ്ട്.

തന്റെ കോലംകത്തിച്ചവരുമായി യോജിച്ചുപോകാനാകില്ലെന്നാണ് ജോസഫിന്റെ നിലപാട്. പി.ജെ. ജോസഫിനെയോ സി.എഫ്. തോമസിനെയോ ചെയർമാനാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. സി.എഫ്. തോമസ് ചെയർമാനായാൽ പി.ജെ. ജോസഫ് വര്‍ക്കിങ് ചെയർമാനും നിയമസഭാ നേതാവുമാകും. അതേസമയം ജോസഫ് ചെയർമാനായാൽ ജോസ് കെ. മാണി വർക്കിങ് ചെയർമാനും സി.എഫ്. തോമസ് നിയമസഭാ കക്ഷി നേതാവുമാകും.

ചെയർമാന്‍ പദവിയില്‍ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്നാണ് ജോസ് കെ. മാണി വിഭാഗവും ഉയർത്തുന്ന നിലപാട്. വർക്കിങ് ചെയർമാനാകണമെങ്കിൽ ചെയർമാൻ പദവി ഉറപ്പുകിട്ടണമെന്നും ജോസ് കെ. മാണി പക്ഷം ആവശ്യമുന്നയിക്കുന്നു. ഭരണഘടനാപരമായി പാർട്ടി ചെയർമാന്റെ അധികാരം തനിക്കാണെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പാർട്ടിയിൽ ചർച്ച ചെയ്യാതെയാണു പി.ജെ. ജോസഫ് തിരഞ്ഞെടുപ്പു കമ്മിഷനും സ്പീക്കർക്കും കത്തു നൽകിയതെന്നു ജോസ് കെ. മാണി തിരിച്ചടിച്ചു.

ശനിയാഴ്ച കോട്ടയത്തു പി.ജെ. ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു കടുത്തുരുത്തിയിൽവച്ചു പ്രമേയവും പാസാക്കിയിട്ടുണ്ട്. പി.ജെ.ജോസഫിന്റെ കോലം കത്തിക്കാൻ ആഹ്വാനം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്ത ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നു ഇന്നലെ നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *