തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണവാർഡുകളിലെ ഉപതിരഞ്ഞെടുപ്പുകൾ ജൂൺ 27ന് നടക്കും. ഇതിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണൻ പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റചട്ടം മേയ് 25ന് നിലവിൽ വന്നു. നാമനിർദ്ദേശ പത്രിക ജൂൺ 7 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 12 ആണ്. വോട്ടെടുപ്പ് ജൂൺ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണൽ 28ന് രാവിലെ 10ന് നടക്കും.

തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ കോട്ടുക്കോണം, അമ്പൂരിയിലെ ചിറയക്കോട്, കാട്ടാക്കടയിലെ പനയംകോട്, കല്ലറയിലെ വെള്ളംകുടി, നാവായിക്കുളത്തെ ഇടമൺനില, മാറനല്ലൂരിലെ കുഴിവിള, കണ്ടല, കൊല്ലം ജില്ലയിൽ അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ മാർക്കറ്റ് വാർഡ്, കിഴക്കേകല്ലടയിലെ ഓണമ്പലം, കടക്കലിലെ തുമ്പോട്, ഇട്ടിവയിലെ നെടുംപുറം, പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമൺ, ആലപ്പുഴ ജില്ലയിൽ കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ മുത്തുപറമ്പ്, കായംകുളം മുനിസിപ്പാലിറ്റിയിൽ വെയർ ഹൗസ്, ചേർത്തല മുനിസിപ്പാലിറ്റിയിലെ ടി.ഡി. അമ്പലം വാർഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാർ, പാലമേൽ ഗ്രാമ പഞ്ചായത്തിലെ മുകുളവിള, കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ മോർകാട്, കരൂർ ഗ്രാമ പഞ്ചായത്തിലെ വലവൂർ ഈസ്റ്റ്, മൂന്നിലവിലെ ഇരുമാപ്ര, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം, കിടങ്ങൂർ, മണിമല ഗ്രാമ പഞ്ചായത്തിലെ പൂവത്തോലി, ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളം നോർത്ത്, ഉപ്പുതറയിലെ കാപ്പിപ്പതാൽ, ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്, തൊടുപുഴ നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡ്, എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലാട്, നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി, തൃശ്ശൂർ ജില്ലയിൽ പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, കോലഴിയിലെ കോലഴി നോർത്ത്, പൊയ്യയിലെ പൂപ്പത്തി വടക്ക്, തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ, പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിലെ നാട്ടുകൽ, മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ കളപ്പാറ, ആനക്കയത്തെ നരിയാട്ടുപാറ, ആലിപ്പറമ്പിലെ വട്ടപ്പറമ്പ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ, മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി ടൗൺ, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ മാണ്ടാട്, കണ്ണൂർ ജില്ലയിലെ ധർമ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കേപാലയാട് എന്നീ വാർഡുകളിലാണ് ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *