ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് നഷ്ടപരിഹാര തുകയായ 50 ലക്ഷം കൈമാറി

തിരുവനന്തപുരം:ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നും സര്‍ക്കാര്‍ ഇത് നിയമപരമായി പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ കൈമാറിയത്. ചാരക്കേസിന് പിന്നിലെ ആസൂത്രിതനീക്കങ്ങള്‍ പരിശോധിക്കണം. നിക്ഷിപ്ത താല്‍പര്യത്തിന്  രാഷ്ട്രീയ നേതൃത്വം ചാരക്കേസിനെ ഉപയോഗിച്ചു. അന്വേഷണ ഏജന്‍സികള്‍ക്ക് വഴി തെറ്റിയപ്പോള്‍ അതിനപ്പുറം പോകാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയനേട്ടം മാത്രമായിരുന്നില്ല ചാരക്കേസിന്‍റെ ലക്ഷ്യമെന്ന് നമ്പിനാരായണന്‍ പറഞ്ഞു. അതിനു പിന്നിലെ ഗൂഡാലോചന കണ്ടെത്തണം. സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കിട്ടിയതിലും, സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതിലും സന്തോഷം.

ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട നിരപരാധികള്‍ക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് നമ്പിനരായണന്‍ അഭ്യര്‍ത്ഥിച്ചു. ഏഴുമന്ത്രിമാരാണ് ചടങ്ങിനെത്തിയത്. ചാരക്കേസില്‍ ആരോപണവിധേയനായ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *