കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം: നാല് കടകള്‍ കത്തി നശിച്ചു

കൊച്ചി: ന​ഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻതീപിടുത്തം. രാവിലെ പത്ത് മണിയോടെ ആരംഭിച്ച തീപിടുത്തം അ​ഗ്നിരക്ഷാസേനയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി 12 മണിയോടെ ആണ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത്. കൊച്ചി ന​ഗരത്തിൽ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നായി പന്ത്രണ്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു.

നാല് കടകൾ അ​ഗ്നിബാധയിൽ പൂർണമായും കത്തി നശിച്ചതായാണ് വിവരം. ആൾനാശമില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് തീപിടുത്തത്തിലുണ്ടായത്. അ​ഗ്നിബാധയെ തുടർന്ന് ബ്രോഡ് വേയിലും മേനകാ ജം​ഗക്ഷനിലും കൊച്ചി ന​ഗരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക അന്വേഷണം ആരംഭിച്ചു.

രാവിലെ പത്ത് മണിയോടെ ക്ലോത്ത് ബസാറിലെ സികെ ശങ്കുണി നായർ ഹാർഡ് വേഴ്സ്, കെസി അപ്പു ആൻഡ് സൺസ് എന്നീ സ്ഥാപനങ്ങളിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈകാതെ തന്നെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന ഓൾസെയിൽ തുണിക്കടയിലേക്കും തീ പടർന്നു. ഇതോടെ ഈ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന  മൂന്ന് നില കെട്ടിട്ടാമാകെ കത്താൻ ആരംഭിച്ചു.

സംഭവം അറിഞ്ഞ ഉടനെ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിട്ടത്തിൽ സൂക്ഷിച്ച ടൺകണക്കിന് തുണിത്തരങ്ങൾ വളരെ വേ​ഗം കത്തിപ്പടരാൻ ആരംഭിച്ചതോടെ കനത്ത പുകയാണ് ബ്രോഡ് വേയിൽനിന്നും ഉണ്ടായത്. തീയണയ്ക്കാനുള്ള ഫയർഫോഴ്സിന്റെ കഠിന പരിശ്രമത്തിനിടയിലും കെട്ടിട്ടത്തിന് പിറകിൽ തുണിത്തരങ്ങൾ സൂക്ഷിച്ച ​ഗോഡൗണിലേക്കും തീ പടർന്നത് ആശങ്ക സൃഷ്ടിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ, മേയർ സൗമിനി ജെയിന്‍ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *