പി.ജെ.ജോസഫ് മുൻനിരയില്‍ തന്നെ

തിരുവനന്തപുരം: നിയമസഭയിൽ കെ.എം മാണിയുടെ മുൻനിരയിലെ സീറ്റ് താൽക്കാലികമായി കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ ജോസഫിനു നൽകി. ജൂൺ ഒമ്പതിനു മുമ്പ് കക്ഷിനേതാവിനെ തീരുമാനിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

ലയനത്തിനു മുന്‍പ് ചെയര്‍മാന്‍ സ്ഥാനം ചോദിച്ചെങ്കിലും സീനിയറായതുകൊണ്ട് മാണി ചെയര്‍മാന്‍ സ്ഥാനത്തും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തും പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് മാണി വ്യവസ്ഥ വച്ചിരുന്നതായി പി.ജെ ജോസഫ് നിയമസഭയില്‍. ഈ വ്യവസ്ഥ അംഗീകരിച്ചാണ് ലയനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാ കക്ഷിനേതാവെന്ന നിലയില്‍ ചരമോപചാരം അര്‍പ്പിക്കുകയായിരുന്നു ജോസഫ്. വിഐപി ഗാലറിയില്‍ ജോസ് കെ മാണി എംപിയുമുണ്ടായിരുന്നു.  ജോസഫിന് അനുകൂലമായി മോൻസ് ജോസഫ് നൽകിയ കത്തിനെ റോഷി അഗസ്റ്റിൻ വിമർശിച്ചു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലി പോര് മുറുകുന്നതിനിടെ സ്പീക്കര്‍ക്ക് നല്‍കിയ കത്തുകളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. പി.ജെ.ജോസഫിനെ നിയസഭയില്‍ മുന്‍‌നിരയില്‍ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ നല്‍കിയ കത്താണ് ജോസ് കെ.മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. മോന്‍സിന്റെ കത്ത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയതെന്നും ജോസ് കെ.മാണി പറഞ്ഞു

പി.ജെ. ജോസഫിന്റെ ഇരിപ്പിടത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ല. കക്ഷി നേതാവിനെ ചട്ടപ്രകാരം തിരഞ്ഞെടുക്കണമെന്നാണ് ആവശ്യമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സമയം വേണമെന്ന് കാണിച്ച് നേരത്തെ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജൂണ്‍ ഒന്‍പതിന് മുന്‍പ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് സ്പീക്കറുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *