അനുഭാവികളായ സൈബര്‍ പോരാളികൾ നടത്തുന്ന ഇടപെടലുകള്‍ ദോഷം ചെയ്യുന്നതായി സിപിഎം

തിരുവനന്തപുരം:∙ സിപിഎം അനുഭാവികളായ സൈബര്‍ പോരാളികൾ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ ദോഷം ചെയ്യുന്നതായി പാര്‍ട്ടി വിലയിരുത്തല്‍. ശബരിമല വിഷയത്തിലടക്കം സൈബർ പോരാളികൾ കാണിച്ച അമിതാവേശം പാര്‍ട്ടിയില്‍നിന്ന് വലിയൊരു വിഭാഗം അകലുന്നതിനു കാരണമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ ഇടപെടലില്‍ ശൈലീമാറ്റത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎം സൈബര്‍ പോരാളികളെന്ന് അവകാശപ്പെട്ടവര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ഒരുഘട്ടത്തിനുശേഷം തരംതാണ രീതിയിലുള്ള അവഹേളനങ്ങളിലേക്ക് കടന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടെന്ന പേരില്‍ അവഹേളനങ്ങള്‍ തുടര്‍ന്നപ്പോള്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ സൈബറിടങ്ങള്‍ വഴിയും ചോര്‍ന്നെന്നാണ് വിലയിരുത്തല്‍.

സമൂഹമാധ്യമങ്ങളില്‍ ബിജെപി സജീവമായതോടെയാണു സിപിഎമ്മും സൈബറിടങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിച്ചത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള അക്കൗണ്ടുകള്‍ക്ക് പുറമേ ഏരിയാ തലത്തിലും ബ്രാഞ്ച് തലത്തിലും പാര്‍ട്ടിക്ക് ഫെയ്സ്ബുക്കില്‍ പേജുകള്‍ നിലവില്‍വന്നു. ഇതിനു പുറമേ സിപിഎം അനുഭാവികളും പാര്‍ട്ടിക്കായി അക്കൗണ്ടുകള്‍ തുറന്നു. ഇതില്‍ ചില പേജുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍പേര്‍ സൈബര്‍ പോരാളികളായെത്തി. വ്യക്തികളുടെ അക്കൗണ്ടായതിനാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിന്ത്രണത്തിനു പുറത്തായിരുന്നു അക്കൗണ്ടുകളിലെ ഉള്ളടക്കം. ഉപയോഗിച്ചതാകട്ടെ പാര്‍ട്ടി ചിഹ്നവും നേതാക്കളുടെ ചിത്രങ്ങളും.‌

Leave a Reply

Your email address will not be published. Required fields are marked *