ഇത് ഇന്ത്യയുടെ വിജയം: നരേന്ദ്ര മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്വല വിജയം, ‘ഇന്ത്യയുടെ വിജയ’മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാർ ഒരിക്കൽക്കൂടി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ലോകത്തെ ഏതൊരു ജനാധിപത്യ സംവിധാനത്തിലും വച്ച് ഏറ്റവും വലിയ സംഭവമാണിത്. ഈ യാചകന്റെ പാത്രം നിങ്ങൾ വിളമ്പി നിറച്ചിരിക്കുന്നു. മതേതരത്വം എന്ന കള്ള ലേബലിൽ എല്ലാ പാപങ്ങളും കഴുകിക്കളയാനുള്ള ചിലരുടെ ശ്രമം ജനങ്ങൾ പൊളിച്ചടുക്കി. നിലപാടുകളിൽ വെള്ളം ചേർക്കില്ല എന്നതാണ് ബിജെപിയുടെ പ്രത്യേകതയെന്നും മോദി അവകാശപ്പെട്ടു.

മധ്യവർഗത്തിനും സാധാരണക്കാർക്കും ഭരണത്തിലുള്ള സംതൃപ്തിയാണ് ഈ ജനവിധിയിലൂടെ വ്യക്തമാകുന്നതെന്ന് മോദി അവകാശപ്പെട്ടു. ബിജെപിയുടെ വിജയം ആഘോഷിക്കാൻ മഴദൈവങ്ങൾ പോലും കൂട്ടുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.കനത്ത ചൂടിലാണ് ഇക്കുറി വോട്ടെടുപ്പു നടന്നതെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തതെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ ജനവിധി ഇന്ത്യയിൽ മാത്രമല്ല, ലോകത്തിനു മുന്നിൽത്തന്നെ ചരിത്രമാണെന്ന് മോദി പറഞ്ഞു. ‘അഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ് പുതിയ ഇന്ത്യ എന്ന വാഗ്ദാനവുമായി ഞങ്ങൾ വീണ്ടും ജനങ്ങളെ തേടിയെത്തിയത്. എന്നിട്ടു സംഭവിച്ചതോ? ഈ വാഗ്ദാനം പൂർത്തീകരിക്കാൻ കോടിക്കണക്കിനു വരുന്ന ജനങ്ങളിതാ ഈ പാവപ്പെട്ടവനെ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു’ – മോദി പറഞ്ഞു. ‘ഇന്ന് ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കിൽ ആത്യന്തികമായി അത് ഇന്ത്യ തന്നെയാണ്, നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയാണ്, ഇവിടുത്തെ പൊതുസമൂഹമാണ്. അതുകൊണ്ടുതന്നെ ബിജെപിയും ദേശീയ ജനാധിപത്യ മുന്നണിയും ഏറ്റവും എളിമയോടെ ഈ വിജയം ജനങ്ങൾക്കു സമർപ്പിക്കുന്നു. ഏതു പാർട്ടിയിലും പ്രദേശത്തും നിന്നുള്ളവരായാലും, എല്ലാ വിജയികൾക്കും എന്റെ ആത്മാർഥമായ അഭിനന്ദനം’ – മോദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *