ഷാർലറ്റിന്റെ വീടിനെതിരായ ബോംബേറ് ജനാധിപത്യത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു ഭരണഘടനാപരമായ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോള്‍ കള്ളവോട്ടിനെതിരേ ഉറച്ച നിലപാടെടുത്ത ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പിലാത്തറ പൂത്തുരിലെ വി.ടി.വി. പത്മനാഭന്റെയും വീടുകള്‍ക്കു നേരെ സിപിഎം അക്രമികള്‍ ബോംബെറിഞ്ഞ സംഭവം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഷാര്‍ലറ്റിന്റെയും പത്മനാഭന്റെയും വീടുനേരെ ബോംബെറിഞ്ഞ് ഇരുവരെയും വകവരുത്താന്‍ ശ്രമിച്ച സിപിഎം നടപടിയെ ശക്തമായി അപലപിക്കുന്നു. ബോംബെറിഞ്ഞ പ്രതികളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണ് ഷാര്‍ലറ്റിന്റെ വീടുനേരെ നടന്ന ബോംബേറ്. ഷാര്‍ലറ്റിനും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പൊലീസിനുമുണ്ട്.

സിപിഎം പ്രവര്‍ത്തകരും അവരുടെ കയ്യാളുകളായ തിരഞ്ഞെടുപ്പ് ചുമതലുള്ള ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് പ്രകിയയെ അട്ടിമറിച്ചതിനാലാണ് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റീപോളിങ് നടത്തേണ്ടി വന്നത്. ഷാര്‍ലറ്റിന് ഒരു പോറലേറ്റാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നു സിപിഎം ഓര്‍ക്കുന്നതു നന്ന്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ സിപിഎം കാട്ടുനീതി നടപ്പിലാക്കുകയാണ്. ഇതു കേരളത്തിനാകമാനം നാണക്കേടാണ്. ഇനിയെങ്കിലും സിപിഎം തെറ്റുതിരുത്താന്‍ തയാറാകണം. സിപിഎമ്മിന്റെ പ്രാകൃത സമീപനങ്ങളുടെ ഫലമായാണു പശ്ചിമബംഗാളില്‍ സിപിഎം നിലംപൊത്തിയതെന്നും വരും നാളുകളില്‍ കേരളത്തിലും സിപിഎമ്മിന്റെ അവസ്ഥ ഇതുതന്നെയാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *