എല്ലാ ബൂത്തുകളിലും പർദ ധരിച്ചവരെ പരിശോധിക്കും: ടിക്കാറാം മീണ

കണ്ണൂർ: റീ പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും പർദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഒരു വനിതാ പോളിങ് ഓഫിസറെ വീതം അധികമായി നിയമിച്ചതായി കണ്ണൂർ കലക്ടർ മിർ മുഹമ്മദലിയും കാസർകോട് കലക്ടർ ഡോ. ഡി.സജിത്ബാബുവും അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്ന വോട്ടർമാരുടെ മുഖം വോട്ടർപട്ടികയിലെ ചിത്രത്തിലുള്ള മുഖം തന്നെയാണോ എന്നു പരിശോധിക്കും. 23ലെ തിരഞ്ഞെടുപ്പിൽ ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല.

മുഖം മറയ്ക്കുന്ന രീതിയിൽ പർദ ധരിച്ചുവരുന്നവരെ റീപോളിങ്ങിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് രംഗത്തെത്തി. കമ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനിരൂപമാണു ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *