മുന്നൊരുക്കങ്ങളില്ലാതെയാണ് തിഞ്ഞെടുപ്പു കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചതെന്നു കോടിയേരി

കണ്ണൂർ: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് തിഞ്ഞെടുപ്പു കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരുടേയോ സമ്മര്‍ദത്തിനു വഴങ്ങിയാണു കമ്മിഷന്റെ നടപടി. വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മിഷന്‍ തയാറാകുന്നില്ലന്നും കോടിയേരി കുറ്റപ്പെടുത്തി. വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിങ്ങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, നാളെ റീ പോളിങ് നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണു നടക്കുന്നത്. വോട്ടർമാരെ വീടുകളിലെത്തി നേരിട്ടു കണ്ടാണു മുന്നണി നേതാക്കൾ വോട്ട് അഭ്യർഥിക്കുന്നത്. ഇന്നലെ റീ പോളിങ് പ്രഖ്യാപിച്ച ധർമ്മടം കുന്നിരിക്കയിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതിയും ഇന്നു നിശബ്ദ പ്രചാരണത്തിനിറങ്ങും. പരസ്യപ്രചാരണത്തിനിടയിൽ ഇന്നലെ സംഘർഷമുണ്ടായ പാമ്പുരുത്തി, പിലാത്തറ മേഖലയിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കി. പുതിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും റീപോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിൽ നിയോഗിക്കും. ഇവിടേക്കുള്ള വോട്ടിങ് യന്ത്രം ഉൾപ്പടെയുള്ള സാമഗ്രികളും ഇന്നു വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *