കള്ളവോട്ട് :കാസര്‍കോട്ടെ നാലു ബൂത്തുകളിൽ 19ന് റീ പോളിങ്

തിരുവനന്തപുരം: കേരളത്തിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളിൽ റീപോളിങ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. കാസർകോട് കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണു റീപോളിങ് നടത്തുന്നത്. 19ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

നാലു ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിങ് ഓഫിസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫിസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണു തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്‌ഷൻ 58 ഉപയോഗിച്ചാണ് കമ്മിഷന്റെ നടപടി. തിരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ റിട്ടേണിങ് ഓഫിസർമാർക്ക് നിർദേശം നൽകി. ജനറൽ ഒബ്‌സർവർമാരെയും വിവരം ധരിപ്പിക്കും.

കണ്ണൂര്‍ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ പദ്മിനി, എന്‍.പി.സലീന, കെ.പി.സുമയ്യ എന്നിവര്‍ കള്ളവോട്ടു ചെയ്തെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവര്‍ക്കെതിരെ ഐപിസി (സി, ഡി, എഫ്) വകുപ്പുകളനുസരിച്ചു കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കല്യാശേരിയിലെ 69, 70 നമ്പര്‍ ബൂത്തുകളില്‍ മുഹമ്മദ് ഫയിസ്, അബ്ദുൽ സമദ്, കെ.എം.മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കലക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമടത്തും കള്ളവോട്ട് നടന്നു. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധർമടത്ത് ബൂത്ത് നമ്പർ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയിൽ 9 പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ധർമടത്ത് ഒരു കള്ളവോട്ടാണു നടന്നത്. കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്‌ഷൻ 171 സി, ഡി. എഫ് പ്രകാരം ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായാണു ജില്ലാ കലക്ടർ ചീഫ് ഇലക്ട്രൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *