മെഡിക്കല്‍ കോളജ് പരിസരത്ത് ക്രമസമാധാന  പ്രശ്‌നമുണ്ടാക്കിയാല്‍ കര്‍ശന നടപടി: സബ് കളക്ടര്‍

മെഡിക്കല്‍ കോളജ് പരിസരത്ത് ക്രമസമാധാന
പ്രശ്‌നമുണ്ടാക്കിയാല്‍ കര്‍ശന നടപടി: സബ് കളക്ടര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ക്ക് പൊലീസിനു നിര്‍ദേശം നല്‍കിയതായി സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ മെഡിക്കല്‍ കോളജ് പൊലീസിന് അദ്ദേഹം നിര്‍ദേശം നല്‍കി.

ആശുപത്രി പരിസരത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കി. പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ ആശുപത്രിക്ക് അകത്തേക്ക് മാറ്റി സ്ഥാപിക്കും. ആശുപത്രിയുടെ പ്രവേശന കവാടങ്ങളില്‍ ക്യാമറ സ്ഥാപിക്കാനും സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.

(പി.ആര്‍.പി. 561/2019)
തപാല്‍ വോട്ടുകള്‍ പോസ്റ്റ് ഓഫിസ്
മുഖേനയേ അയക്കാവൂ: കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്ത് തിരികെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ പോസ്റ്റ് ഓഫിസ് മുഖേനയേ അയക്കാവൂ എന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. കളക്ടറേറ്റിലോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലോ പോസ്റ്റല്‍ ബാലറ്റ് നേരിട്ടു സ്വീകരിക്കില്ല. പോസ്റ്റല്‍ ബാലറ്റ് കവറില്‍ സ്റ്റാംപ് ഒട്ടിക്കേണ്ടതില്ല. ഏതു പോസ്റ്റ് ഓഫിസില്‍ വേണമെങ്കിലും പോസ്റ്റല്‍ ബാലറ്റ് നിക്ഷേപിക്കാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

(പി.ആര്‍.പി. 560/2019)

മികച്ച ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍: അപേക്ഷ ക്ഷണിച്ചു

ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് സഹകരണ സ്വതന്ത്ര സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വെവ്വേറെ പുരസ്‌കാരങ്ങളും സംസ്ഥാനത്തെ പൊതുമേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയും മെറിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കും.

ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയര്‍മാനും ഡയറക്ടര്‍ കണ്‍വീനറുമായ വിദഗ്ധ സമിതിയാകും പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്. വ്യക്തികള്‍, അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍ എന്നിവയ്ക്ക് മികച്ച ഡോക്ടര്‍മാരുടെ പേരുകള്‍ നിര്‍ദേശിക്കാം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഇ.എസ്.ഐ എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ അതാത് വകുപ്പ് അധ്യക്ഷന്മാര്‍ക്കും മറ്റുള്ള അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം.

അതത് സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷയുടേയും അനുബന്ധ രേഖകളുടേയും അഞ്ചു കോപ്പികള്‍ വീതം സമര്‍പ്പിക്കേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷ നിരസിക്കും. നിബന്ധനകളും മറ്റു വിവരങ്ങളും ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ഇ.എസ്.ഐ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ആരോഗ്യ കേരളം വെബ്‌സൈറ്റിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10.

(പി.ആര്‍.പി. 562/2019)

വൈദ്യുതി മുടങ്ങും

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആയൂര്‍ക്കോണം, വിന്നേഴ്‌സ്, രാധാകൃഷ്ണ ലൈന്‍ ഭാഗങ്ങളില്‍ ഇന്നു(മേയ് 15) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെയും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ വിളയില്‍ക്കുളം, എഫ്.സി.ഐ, കരിയില്‍, രാമചന്ദ്രന്‍ നഗര്‍ ഭാഗങ്ങളില്‍ ഇന്നു രാവിലെ എട്ടു മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 563/2019)

ഗതാഗത നിയന്ത്രണം

ഉദിയന്‍കുളങ്ങര കൊച്ചോട്ടുകോണം ജംഗ്ഷനു സമീപം ഈഴക്കോണം മുതല്‍ വ്‌ളാത്താങ്കര വരെയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ നാളെ (മേയ് 16) മുതല്‍ ഈ മാസം 27 വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റ്ന്റ് എന്‍ജിനീയര്‍ അറിയിച്ചു.

(പി.ആര്‍.പി. 564/2019)
കുടുംബശ്രീ അക്കൗണ്ടന്റുമാര്‍ക്ക് പരിശീലനം

കുടുംബശ്രീ സിഡിഎസുകളിലെ അക്കൗണ്ടന്റുമാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിക്കു തുടക്കമായി. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള 60 അക്കൗണ്ടന്റുമാരുടെ ആദ്യ ബാച്ചിന് കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലാണു പരിശീലനം നടക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള സംയോജിത പദ്ധതികള്‍ രൂപപ്പെടുത്തലും ശക്തിപ്പെടുത്തലും, പഞ്ചായത്ത് രാജ് നിയമത്തെക്കുറിച്ചുള്ള പഠനം, സോഷ്യല്‍ ഓഡിറ്റ്, പെര്‍ഫോമന്‍സ് ഓഡിറ്റ്, കുടുംബശ്രീ നടപ്പാക്കിവരുന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സി.റ്റി.സി. എന്ന കുടുംബശ്രീ പരിശീലന ഗ്രൂപ്പാണ് പരിശീലനം നല്‍കുന്നത്.

(പി.ആര്‍.പി. 565/2019)

Leave a Reply

Your email address will not be published. Required fields are marked *