രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വീണ്ടും മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയിൽ രാജീവ് ഗാന്ധി വിട്ടുവീഴ്ച ചെയ്തെന്ന് മോദി ആരോപിച്ചു. അവധിക്കാലം ആഘോഷിക്കാൻ രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പൽ ഉപയോഗിച്ചു. സ്വകാര്യ ടാക്സി പോലെയാണ് ഐഎൻഎസ് വിരാടിനെ ഗാന്ധി കുടുംബം ഉപയോഗിച്ചതെന്നും ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. യുദ്ധക്കപ്പലിൽ അവധിക്കാല യാത്രയ്ക്കു പോകുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ?. അതിശയപ്പെടേണ്ട കാര്യമില്ല, അതു നടന്നതാണ്– ഡൽഹിയിൽ‌ മോദി പറഞ്ഞു.

രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥർ ദ്വീപിൽ സേവനം ചെയ്യുകയായിരുന്നു. മുൻ പ്രധാനമന്ത്രിയും കുടുംബവും 1987ൽ നടത്തിയ ലക്ഷദ്വീപ് അവധിക്കാലം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമർശങ്ങൾ.  10 ദിവസമാണ് ഐഎൻഎസ് വിരാട് അവധിക്കാല യാത്രയ്ക്കായി ഉപയോഗിച്ചത്. സമുദ്ര അതിർത്തികളുടെ സംരക്ഷണത്തിനായി ഐഎൻഎസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്ക്കായി കപ്പൽ നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ ഈ സമയത്തു കപ്പലിൽ കയറി. ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേ?– പ്രധാനമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *